കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ ടിപ്പർ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ലോറിയിലെ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്നാട്ടില്‍ നിന്നും ആറ്റിങ്ങലേയ്ക്ക് റോഡ് പണിക്കായുള്ള മെറ്റല്‍ കയറ്റിവന്ന ടോറസ് ലോറികള്‍ ആണ് ഒന്നിനു പിറകേ ഒന്നായി കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ആണ് സംഭവം.
കാറില്‍ തട്ടി വീണ സ്കൂട്ടർ യാത്രക്കരനെ രക്ഷപ്പെടുത്താൻ ഹൈവേയില്‍ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിലേക്ക് പുറകില്‍ നിന്നും വന്ന മറ്റൊരു ലോറി പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യാബിൻ തകർന്നു. ലോറിയില്‍ കുരുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘം എത്തിയാണ് പുറത്തെടുത്തത്. ഡ്രൈവർ തമിഴ്നാട് വള്ളിയൂർ സ്വദേശി ആനന്ദ് (33) നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ദേശീയപാത നിർമ്മാണത്തിനുള്ള ചല്ലിയും മണലും എത്തിക്കുന്നതിനായി തമിഴ്നാട്ടില്‍ നിന്ന് വന്ന ലോറികളാണ് അപകടത്തില്‍പ്പെട്ടത്.