കോഴിക്കോട്: കോഴിക്കോട്ട് കോണ്‍ഗ്രസ് നടത്തുന്ന ഹർത്താലിനിടെ സംഘർഷം. ഹർത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. കടകള്‍ നിർബന്ധിച്ച് അടപ്പിച്ചു. ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പുതിയ ബസ്സ്റ്റാൻഡിലെത്തിയാണ് കോണ്‍ഗ്രസ് പ്രവർത്തകർ ബസുകള്‍ തടയുന്നത്. ദീർഘദൂര ബസുകള്‍ സർവ്വീസുകള്‍ നടത്തുന്നുണ്ട്. നഗരത്തില്‍ പലയിടത്തും സമരാനുകൂലികള്‍ നിർബന്ധിച്ച് കടകള്‍ അടപ്പിച്ചതോടെ കടയുടമകള്‍ എതിർത്തു. മാവൂർ റോഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിനിടെ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. മാവൂർ റോഡില്‍ സംഘർഷാവസ്ഥയുണ്ടായി.
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരെഞ്ഞടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് പ്രതിഷേധം. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹർത്താല്‍. പാല്, പത്രം, ആംബുലൻസ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സർവിസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികള്‍ അടക്കം ജനങ്ങള്‍ ഹർത്താലുമായി സഹകരിക്കണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹർത്താലുമായി സഹകരിക്കില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. ഇന്നലെത്തെ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതർ സിപിഎം പിന്തുണയോടെ ഭരണം പിടിച്ചിരുന്നു. പിന്നാലെയാണ് സംഘർഷമുണ്ടായത്.