കേരള കൗമുദിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ജയകുമാർ ഇടപെട്ട് പിരിച്ച് വിട്ട അധ്യാപകരെ തിരിച്ചെടുക്കുക : അനധികൃത ഇടപെടലുകൾക്കെതിരെ ആഞ്ഞടിച്ച് ജവഹർ ബാലഭവൻ സംരക്ഷണസമിതി ; അധ്യാപക സമരം പതിനെട്ടാം ദിവസം

കോട്ടയം : ജവഹർ ബാലഭവനിലെ അധ്യാപകരെ അനധികൃതമായി പിരിച്ച് വിടാൻ ഇടപെടൽ നടത്തിയ കേരള കൗമുദിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ജയകുമാറിനെതിരെ പ്രതിഷേധവുമായി ജവഹർ ബാലഭവൻ സംരക്ഷണ സമിതി.

Advertisements

ജവഹർ ബാലഭവൻ സംരക്ഷണസമിതിയുടെ പ്രസ്ഥാവന ഇങ്ങനെ –
2022 ഏപ്രിൽ നാല് മുതൽ കോട്ടയം ജവഹർ ബാലഭവന് മുമ്പിൽ നടന്നുവരുന്ന അധ്യാപക സമരം ഇന്ന് പതിനേഴാം ദിവസം നടക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമരത്തിൽ ഉന്നയിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ

  1. 51 വർഷമായി കോട്ടയം അക്ഷര നഗരിയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ജവഹർ ബാലഭവൻ കോട്ടയം ജില്ലയിൽ തന്നെ ഏറ്റവും വലിയ കലാ സാംസ്കാരിക കേന്ദ്രമാണ്. സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതും വർഷം 18 ലക്ഷം രൂപ ഗ്രാൻഡ് ലഭിക്കുന്നതുമായ സ്ഥാപനമാണ് ജവഹർ ബാലഭവൻ. ഇതിന്റെ ഭരണം ഗവൺമെന്റിന്റെ അഞ്ചു പ്രതിനിധികളും പബ്ലിക് ലൈബ്രറിയുടെ അഞ്ചു പ്രതിനിധികളും അടങ്ങുന്നതാണ്. 2017 വരെ കളക്ടർ അടങ്ങുന്ന അഞ്ചു ഉദ്യോഗസ്ഥ പ്രതിനിധി കളായിരുന്നു. 2017 മുതൽ പൊതുപ്രവർത്തകരായ അഞ്ചുപേരെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജവഹർ ബാലഭവന്റെ തുടർപ്രവർത്തനങ്ങൾക്ക് ഈ പത്തുപേരടങ്ങുന്ന കമ്മിറ്റി നിരന്തരമായി കൂടി മിനിറ്റ്സ് രേഖപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് വ്യവസ്ഥ. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് പബ്ലിക് ലൈബ്രറിയുടെ അഞ്ചുപേരിൽ ഒരാൾ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. അത് പ്രൊഫ മാടവന ബാലകൃഷ്ണപിള്ള ആയിരുന്നു. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മാസം നിയമാനുസൃതമായി കമ്മിറ്റി കൂടാതെ ഏകാധിപത്യ സ്വഭാവത്തോടെ പബ്ലിക് ലൈബ്രറി പ്രസിഡണ്ടിന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങുന്ന മാധ്യമപ്രവർത്തകനായ വി ജയകുമാറിനെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ഇദ്ദേഹമാണ് 40 വർഷത്തിലധികമായി അധ്യാപന രംഗത്ത് നിൽക്കുന്ന പി ജി ഗോപാലകൃഷ്ണൻ, പി കെ ഹരിദാസ് എന്നിവരെ പിരിച്ചുവിട്ടത്. ഈ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ല. അതുകൊണ്ട് നിയമാനുസൃതമല്ലാതെ പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണം.
  2. അവകാശ തർക്കം
    പബ്ലിക് ലൈബ്രറി ഉന്നയിക്കുന്ന അവകാശം പബ്ലിക് ലൈബ്രറിയുടെ സ്വത്താണെന്നും നാളിതുവരെ ജവഹർ ബാലഭവൻ തങ്ങൾക്ക് 51 വർഷമായി വാടക നൽകുന്നില്ല എന്നുമാണ്. ജവഹർ ബാലഭവൻ മാറ്റിയെടുത്താൽ ഒരേക്കർ 13 സെന്റ് സ്ഥലത്ത് വ്യാപാര സമുച്ചയങ്ങൾ പണിത് സാമ്പത്തിക ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യം. നിലവിൽ ജവഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറി പ്രവർത്തിക്കുന്ന ഈ കെട്ടിടങ്ങൾ ഉണ്ടായത് ദീർഘവീക്ഷണമുള്ള സാംസ്കാരിക മഹാരഥന്മാർ ആയിട്ടുള്ള സി കെ മാണിയും ഡി സി കിഴക്കേമുറിയും കെ ശങ്കുണ്ണിമേനോനും ഉൾപ്പെടെയുള്ളവർ ലക്ഷക്കണക്കിന് പൊതു ജനങ്ങളുടെ സഹായത്തോടെ ലോട്ടറിയും ഇതര ധനാഗമ മാർഗ്ഗങ്ങളിലൂടെയുമാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. അതിനുശേഷം ജവഹർ ബാലഭവൻ പൂർവ്വ വിദ്യാർത്ഥിയും കുട്ടികളുടെ സെക്രട്ടറിയുമായിരുന്ന അഡ്വക്കേറ്റ് കെ സുരേഷ് കുറുപ്പ് കോട്ടയത്തിന്റെ എം പി ആയിരുന്നപ്പോഴാണ് മറ്റൊരു കെട്ടിടം എം പി ഫണ്ട്കൊണ്ട് പണിതിട്ടുള്ളത്. നാളിതുവരെ സാംസ്കാരിക വകുപ്പിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടം നവീകരിക്കലും ഉൾപ്പെടെ നടത്തിവന്നിരുന്നത്. അതുകൊണ്ടുതന്നെ ഏകപക്ഷീയമായി പബ്ലിക് ലൈബ്രറിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. ഒരു പൈസപോലും സാമ്പത്തികബാധ്യത വരാതെ കോട്ടയം ജില്ലയിലെ കുരുന്നുകൾക്ക് കലയുടെ ബാലപാഠം മുതൽ പകർന്നുനൽകി ലോകത്തിന്റെ നാനാ ഭാഗത്തും കോട്ടയം ജവഹർ ബാലഭവന്റെ യശസ്സ് ഉയർത്താൻ ഈ സംസ്കാരിക കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ജയരാജ്, ഗിന്നസ് പക്രു എന്നിവർ ഏതാനും ചില ഉദാഹരണങ്ങളാണ്.
  3. അടിയന്തിരമായി സർക്കാർ ഇടപെടണം. കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജവഹർ ബാലഭവൻ രണ്ടുമൂന്നു വർഷമായി അനിശ്ചിതത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സാംസ്കാരിക വകുപ്പ് ഗ്രാന്റ് നൽകുന്നതുൾപ്പെടെ എല്ലാ സഹായങ്ങളും നൽകി വരുന്നതുമായ ഈ സ്ഥാപനം നിലവിലുള്ള സ്ഥലത്തുതന്നെ തുടർന്ന് പബ്ലിക് ലൈബ്രറിയുമായി കരാറുണ്ടാക്കി സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇടപെടണം. ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ജവഹർ ബാലഭവന്റെ പ്രാധാന്യത്തെ സംബന്ധിച്ച് പൊതുജനാഭിപ്രായത്തെ മാനിച്ച് ഇതിന്റെ പ്രതിസന്ധി അവസാനിപ്പിച്ച് സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
  4. ജവഹർ ബാലഭവൻ അധ്യാപകരുടെ ആവശ്യങ്ങൾ.
    നാളിതുവരെ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകരുടെ പെൻഷൻ ആനുകൂല്യങ്ങൾ മുതലായവ നൽകുക.
    1986 മുതൽ നാളിതുവരെ പിരിഞ്ഞു പോയിട്ടുള്ള അധ്യാപകരുൾപ്പെടെ എല്ലാവർക്കും ശമ്പളത്തിന്റെ മടക്കി കിട്ടുവാനുള്ള 20 ശതമാനം പബ്ലിക് ലൈബ്രറി ഉൾപ്പെടുന്ന ഭരണസമിതി നൽകുക.
  5. സമഗ്രമായ അന്വേഷണം വേണം. 2016 മുതൽ ജവഹർ ബാലഭവന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കും എക്സിക്യൂട്ടീവ് ഡയറക്ടർ നിയമനത്തിലും സാമ്പത്തിക അഴിമതിക്കും പൊതു ജനങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുള്ള വ്യാപകമായ അവമതിപ്പ് ദൂരീകരിക്കുവാൻ സമഗ്രമായ അന്വേഷണം സർക്കാർ ഏജൻസികളെ കൊണ്ട് നടത്തണം.
  6. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടി.

മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ധാരാളം സംസ്കാരിക കേന്ദ്രങ്ങൾ ജില്ലാടിസ്ഥാനത്തിൽ നടത്തുവാൻ പദ്ധതിയിടുകയും വ്യക്തമായ കാഴ്ചപ്പാടോടുകൂടി ബഹു ധനകാര്യവകുപ്പ് മന്ത്രി 2022 ൽ അവതരിപ്പിച്ച ബഡ്ജറ്റിൽ രണ്ടു കോടി രൂപയാണ് കോട്ടയം ഉൾപ്പെടെ ജവഹർ ബാലഭവനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കും, തുടർന്ന് എല്ലാ ജില്ലകളിലും ജവഹർ ബാലഭവൻ ആരംഭിക്കാൻ പദ്ധതിയിടുകയും ചെയ്ത ഈ ഗവൺമെന്റിന്റെ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നു.

1971 മുതൽ പ്രവർത്തിക്കുന്ന ജവഹർ ബാലഭവൻ ആയിരക്കണക്കിന് കുരുന്നുകൾക്ക് കലയുടെ ആദ്യപാഠങ്ങൾ പഠിച്ചു അരങ്ങേറാൻ അക്ഷര നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജവഹർ ബാലഭവൻ അവിടെത്തന്നെ പ്രവർത്തിക്കാൻ സാംസ്കാരിക വകുപ്പും ജില്ലാ ഭരണാധികാരികളും മുന്നോട്ടുവന്ന് സമഗ്രമായ ചർച്ചയും നിയമനിർമ്മാണവും നടത്തണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജവഹർ ബാലഭവൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജവഹർ ബാലഭവനു മുൻപിൽ കഴിഞ്ഞ 17 ദിവസമായി നടത്തിവരുന്ന ജവഹർ ബാലഭവനിലെ മുഴുവൻ അധ്യാപകരുടെയും അനിശ്ചിതകാലസമരം ചർച്ചയിലൂടെ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
പത്രസമ്മേളനത്തിൽ ജവഹർ ബാലഭവൻ സംരക്ഷണ സമിതി രക്ഷാധികാരി പി കെ ആനന്ദക്കുട്ടൻ, പ്രസിഡണ്ട് മുൻസിപ്പൽ കൗൺസിലർ എസ് ജയകൃഷ്ണൻ, കൺവീനർ പി ജി ഗോപാലകൃഷ്ണൻ, ഉപേന്ദ്രനാഥ് വി ജി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles