തിരുവനന്തപുരം : സ്കൂള്‍ കുട്ടികള്‍ക്കായി കേരള ബാങ്ക് ആവിഷ്കരിച്ച “വിദ്യാനിധി’ നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താനും ഈ പണം അവരുടെ തന്നെ ഭാവി പഠന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് കേരള ബാങ്ക് ഉദ്ദേശിക്കുന്നത്. ചെറുപ്രായം മുതല്‍കുട്ടികളെ കേരള ബാങ്കുമായി ബന്ധിപ്പിക്കാനും അതുവഴി കൂടുതല്‍ ആളുകളിലേക്ക് വളരുക എന്ന ഉദ്ദേശവും കേരള ബാങ്കിനുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
12 വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് അക്കൗണ്ട് തുടങ്ങാനാകുക. അതും എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന അക്കൗണ്ട്. വിവരങ്ങൾ കൃത്യമായി എസ്‌എംഎസിലൂടെ അറിയിക്കും, പരീക്ഷകൾക്ക് ഫീസ് അടയ്ക്കാനും മറ്റും ഡിഡി എടുക്കേണ്ടി വന്നാൽ സൗജന്യമായി നൽകും, ആർടിജിഎസും എൻഇഎഫ്ടിയും ഐഎംപിഎസും സൗജന്യമായി നൽകും. സർവീസ് ചാർജ്ജ് ഈടാക്കില്ല. എടിഎം കാർഡും ,മൊബൈൽ ബാങ്കിംഗും പൂർണ സൗജന്യം. ഇങ്ങനെ മുതിർന്നവർ ഫീസ് നൽകി സ്വീകരിക്കുന്ന എല്ലാ സേവനങ്ങളും കുട്ടികൾക്ക് സൗജന്യമായി നൽകുകയാണ് കേരള ബാങ്ക്.
സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത വിദ്യാനിധി അക്കൗണ്ടിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഏത് സ്കോളർഷിപ്പും ഈ കിട്ടും. വായ്പ എടുക്കാനും വിദ്യാനിധിക്കാർക്ക് പ്രത്യേക പരിഗണനയും മുൻഗണനയും ലഭിക്കും. കുട്ടിക്കൂട്ടുകാർക്ക് മാത്രമല്ല കേരള ബാങ്ക് വിദ്യാനിധി സൗകര്യമൊരുക്കുന്നത്. അവരുടെ രക്ഷിതാക്കൾക്കുമുണ്ട് മറ്റൊരു അക്കൗണ്ട്. അമ്മമാർക്കായിരിക്കും മുൻഗണന. വിദ്യാനിധിയിൽ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായാണ് രക്ഷിതാവിന് പ്രിവില്ലേജ് അക്കൗണ്ട് നൽകുന്നത്. ഈ അക്കൗണ്ട് എടുത്താൽ സൗജന്യമായി അപകട ഇൻഷുറൻസും ലഭിക്കും. രണ്ട് ലക്ഷം രൂപവരെ സഹായം ലഭിക്കുന്ന ഇൻഷുറസായിരിക്കും ലഭിക്കുക. മന്ത്രിമാരായ വി എന്‍ വാസവന്‍, ജി ആര്‍ അനില്‍, ആന്റണി രാജു, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.