കൊച്ചി : വെറും വാശിയും ഇടകലര്‍ന്ന കാല്‍പന്ത് കളി അവസാനിച്ചത് സമനിലയില്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ ത്രില്ലര്‍ സമനില നേടി കേരള ബ്ലാസ്റ്റേഴ്‌സ്. 2-3ന് പിന്നില്‍നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ സമനില ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ദിമിത്രിയോസ് ഡയമന്‍റക്കോസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ക്വാമെ പെപ്ര വകയായിരുന്നു മൂന്നാം ഗോള്‍. ചെന്നൈയിനു വേണ്ടി ജോര്‍ഡന്‍ മുറെ ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ആദ്യ ഗോള്‍ റഹിം അലി വകയായിരുന്നു. മത്സരത്തിന്‍റെ തുടക്കം മുതല്‍ ആവേശം അണപൊട്ടി. ആദ്യ മിനിറ്റില്‍ത്തന്നെ മഞ്ഞപ്പടയെ ഞെട്ടിച്ച് ചെന്നൈയിന്‍ ലീഡ് നേടി. ചെന്നൈയിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കിന്‍റെ ഒടുവിലാണ് ഗോള്‍ പിറന്നത്. റാഫേല്‍ ക്രിവെല്ലാരോ 35 വാരയോളം അകലെനിന്നു തൊടുത്ത ഷോട്ട് വലിയില്‍ പതിക്കുകയായിരുന്നു.
എന്നാല്‍, പന്ത് കാലില്‍ കൊണ്ടില്ലെന്നു വ്യക്തമായിട്ടും ഗോള്‍ റഹിം അലിയുടെ പേരില്‍ക്കുറിച്ചു. റഹിമിന്‍റെ കാലില്‍ കൊണ്ടെങ്കില്‍ പന്ത് ഓഫ് സൈഡെന്നതും വ്യക്തം. എന്നാല്‍, വിവാദങ്ങളിലേക്കു പോകാതെ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് 10-ാം മിനിറ്റില്‍ തിരിച്ചടിച്ചു. മികച്ച മുന്നേറ്റം നടത്തുന്നതിനിടെ, ബ്ലാസ്റ്റേഴ്‌സ് താരം ക്വാമി പെപ്രയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമന്‍റക്കോസ് അനായാസം വലയിലെത്തിച്ചു. ആഘോഷമവസാനിക്കും മുമ്ബേ ചെന്നൈയിന്‍ തിരിച്ചടിച്ചു. 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജോര്‍ദാന്‍ മുറെ വലയിലെത്തിച്ചതോടെ ചെന്നൈയിന്‍ 2-1നു മുന്നില്‍. അതുകൊണ്ടു അവര്‍ ഗോള്‍ വേട്ട നിര്‍ത്തിയില്ല. 24- ാം മിനിറ്റില്‍ ചെന്നൈയിന്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ജോര്‍ദാന്‍ മുറെയാണ് തന്‍റെ രണ്ടാം ഗോള്‍ നേടി. ഇതോടെ ചെന്നൈയിന്‍ 3-1ന് മുന്നിലെത്തി. അപകടം മനസിലാക്കി ആഞ്ഞടിച്ച ബ്ലാസ്റ്റേഴ്‌സ് 38-ാം മിനിറ്റില്‍ ക്വാമെ പെപ്രയിലൂടെ സ്‌കോര്‍ 3-2 ആക്കി. സീസണില്‍ പെപ്രയുടെ ആദ്യഗോളാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ഗോളിന്‍റെ കൂടി കടം വീട്ടണമെന്ന ലക്ഷ്യത്തോടെയാണ് മഞ്ഞപ്പട രണ്ടാം പകുതിക്കിറങ്ങിയത്. 59-ാം മിനിറ്റില്‍ അതിനു ഫലവുമുണ്ടായി. ഡാനിഷ് ഫറൂഖിന്‍റെ പാസില്‍ ഡസമന്‍റക്കോസിന്‍റെ വലം കാല്‍ ഷോട്ട് വലയില്‍ ഇതോടെ മത്സരം 3-3 സമനിലയില്‍. അതിനു ശേഷം ഇരുടീമും നിറഞ്ഞു പൊരുതിയെങ്കിലും ഗോളകന്നു. നിരവധി അവസരങ്ങളും ഇരുടീമിനും ലഭിച്ചു. എട്ടു മത്സരങ്ങളില്‍നിന്ന് അഞ്ച് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 17 പോയിന്‍റുള്ള ബ്ലാസ്‌റ്റേഴ്‌സാണ് ഇപ്പോള്‍ പോയിന്‍റ് നിലയില്‍ ഒന്നാമത്. ചെന്നൈയിന്‍ ഏഴാമതാണ്.