മഡ്ഗാവ്: ഗോവയിൽ ഇന്ന് ഐ.എസ്.എല്ലിലെ പതിനെട്ടാം മത്സരത്തിനിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. മത്സരത്തിൽ വിജയിച്ച് നിർണ്ണായകമായ മൂന്ന് പോയിന്റ് സ്വന്തമാക്കി ആദ്യ നാലിൽ എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. എട്ടാം സ്ഥാനത്തുള്ള ചെന്നൈയിൽ അത്ര വലിയ വെല്ലുവിളിയാകില്ലെന്നു കേരളം കരുതുന്നുണ്ടെങ്കിലും ഒരു സമ നിലയ്ക്കു പോലും കേരളത്തിന് വലിയ വില നൽകേണ്ടി വരും.
17 മത്സരങ്ങളിൽ നിന്നും 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ അഞ്ചാം സ്ഥാനത്താണ്. 18 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈയ്ക്ക് 20 പോയിന്റ് മാത്രമാണ് ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച ഹൈദരാബാദാണ് 35 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. ഈ മത്സരം വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനു 30 പോയിന്റുമായി മൂന്നാം സ്ഥാനത്തേയ്ക്ക് ഉയരാൻ സാധിക്കും.