ബംഗളൂരു : ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ സംഭവബഹുലമായ ദിനത്തിന്റെ ഒന്നാംവർഷത്തിന് ഒരുദിവസം ശേഷിക്കെ, കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സി.യും അതേ വേദിയില്‍ വീണ്ടും മുഖാമുഖം.ബെംഗളൂരുവിന്റെ മുറ്റത്ത് കളിക്കാനിറങ്ങുമ്പോള്‍ മഞ്ഞപ്പടയ്ക്ക് ലക്ഷ്യം ഒന്നുമാത്രം, പഴയ കണക്കുതീർക്കണം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളില്‍ ഇന്ന് രാത്രി 7.30-നാണ് കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്.സി. മത്സരം.
കഴിഞ്ഞ മാർച്ച് മൂന്നിന് ഇതേ സ്റ്റേഡിയത്തില്‍നടന്ന പ്ലേ ഓഫിലാണ് നാടകീയസംഭവങ്ങളുണ്ടായത്. എക്സ്ട്രാ ടൈമിലേക്കുനീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റില്‍ ബെംഗളൂരു ക്യാപ്റ്റൻ സുനില്‍ ഛേത്രി നേടിയ ഫ്രീകിക്ക് ഗോള്‍ വിവാദമായി. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഒരുങ്ങുന്നതിനുമുമ്ബ് കിക്കെടുത്ത ഛേത്രി ഗോളടിച്ചു. റഫറി ക്രിസ്റ്റല്‍ ജോണ്‍സ് ഗോള്‍ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചു. കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ചിന് വിലക്കുകിട്ടി, ബ്ലാസ്റ്റേഴ്സിന് പിഴശിക്ഷയും. ബെംഗളൂരു സംഭവം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇന്നും ഉണങ്ങാത്ത മുറിവാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവസാനമത്സരത്തില്‍, കരുത്തരായ ഗോവയെ തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. 16 കളിയില്‍ ഒൻപത് ജയത്തോടെ 29 പോയിന്റുമായി അഞ്ചാമതാണ് കേരള സംഘം. സൂപ്പർ കപ്പിനുശേഷം തീർത്തും നിറംമങ്ങിയ ബ്ലാസ്റ്റേഴ്സ് ഇതിനിടെ ഒഡിഷ എഫ്.സി., പഞ്ചാബ് എഫ്.സി., ചെന്നൈയിൻ എഫ്.സി. എന്നിവരോട് തോറ്റിരുന്നു. പരിക്കായിരുന്നു മഞ്ഞപ്പടയുടെ വെല്ലുവിളി. ക്വാമി പെപ്രയും ഗോള്‍കീപ്പർ സച്ചിൻ സുരേഷുമുള്‍പ്പടെയുള്ളവർ മടങ്ങിയത് ടീമിന് ആഘാതമായി. എന്നാല്‍, ഫെദോർ സിർനിച്ചും ദിമിത്രിയോസ് ഡയമന്റാക്കോസും ഡെയ്സുക് സകായിയുമെല്ലാം ഫോമിലേക്കുയരുന്നത് പ്രതീക്ഷപകരുന്നു. ഗോവയ്ക്കെതിരേ മൂന്നുപേരും ഗോളടിച്ചു. ജസ്റ്റിൻ ഇമ്മാനുവല്‍, മുഹമ്മദ് അയ്മൻ, വിബിൻ മോഹനൻ, കെ.പി. രാഹുല്‍, മുഹമ്മദ് അസ്ഹർ തുടങ്ങിയവരെ ഏതുനേരത്തും വിന്യസിക്കാമെന്നതും ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസംപകരുന്നു.
ഇക്കുറി നിലകിട്ടാതെ പരുങ്ങുകയാണ് ബെംഗളൂരു. 17 കളിയില്‍ നാലെണ്ണം മാത്രമാണ് ജയിച്ചത്. ഈ സീസണില്‍ കൊച്ചിയില്‍നടന്ന ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ തോല്‍വിയായിരുന്നു ഫലം. അവസാനമത്സരത്തില്‍ ദുർബലരായ ഹൈദരാബാദിനോട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സുനില്‍ ഛേത്രിയുടെ സംഘത്തിന് ഇക്കുറി മുന്നോട്ടുള്ള പ്രയാണം വിഷമകരമാണ്. ബെംഗളൂരുവിന്റെ കെട്ടുറപ്പില്ലായ്മ ബ്ലാസ്റ്റേഴ്സിന് മികച്ചഫലം നല്‍കാനിടയുണ്ട്.