കൊച്ചി: ഇരമ്പിയാർത്തെത്തിയ മഞ്ഞക്കടലിന്റെ ഹൃദയമിടിപ്പിന്റെ താളം തിരിച്ചറിഞ്ഞ് ആർത്തിരമ്പിയെത്തുകയായിരുന്നു ബ്ലാസ്റ്റേഴ്സ്..! ആദ്യം ഒന്നു പതറിയെങ്കിലും പിന്നെ പതിയെ പിടിച്ചു കയറിയ മലയാളിക്കൊമ്പന്മാർ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ മനവും ഗോവയുടെ വലയും നിറച്ചാണ് മടങ്ങിയത്. ആക്രമിച്ചെത്തിയ ഗോവൻ നിരയെ ഒന്നിച്ച് പ്രതിരോധിക്കുകയും, തരം കിടുമ്പോൾ കടന്നാക്രമിക്കുകയും ചെയ്ത കൊമ്പൻമാർ ഒരു പഴുതു പോലും കൊടിക്കാതെയാണ് കളി കയ്യിലാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കുള്ള ജയം മാത്രമല്ല, ആ ജയത്തിലേയ്ക്കു ബൂട്ട് കെട്ടിയ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം തന്നെയാണ് ആരാധകർക്ക് ആറാടാൻ വകുപ്പൊരുക്കിയിരിക്കുന്നത്.
ആദ്യം മുതൽ തന്നെ ബ്ലാസ്റ്റേഴ്സ തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയുള്ള പ്രകടനമാണ് നടത്തിയത്. ഒരു നിമിഷം പോലും മുന്നേറ്റക്കാരുടെ ബൂട്ടുകളിൽ പന്ത് വിശ്രമിച്ചതേയില്ല. ആക്രമണം ശക്തമാക്കിയിറങ്ങിയപ്പോഴെല്ലാം പ്രതിരോധ പിഴവും ബ്ലാസ്റ്റേഴ്സിനെ തേടിയെത്തി. പക്ഷേ, ആ പിഴവിലൂടെ പടികടന്നെത്തിയ ഗോളിനെ കൃത്യമായ ഇടവേളകളിൽ തടഞ്ഞിടാനും ആ ടീമിന് സാധിച്ചിരുന്നു. കളി ആക്രമണത്തിന്റെ മൂർധന്യതയിൽ നിൽക്കെയാണ് ആ ഗോളെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൈതാന മധ്യത്തിൽ നിന്നു കളി മെനഞ്ഞ് കയറിയെത്തിയ രാഹുൽ. പന്തിൽ ഗോവൻ പ്രതിരോധക്കാരന്റെ പിടിവീണതോടെ ബ്ലാസ്റ്റേഴ്സിന്റെ കയ്യൊന്നയഞ്ഞു. പിന്നെ ഒന്നും നോക്കാതെ ബോക്സിനുള്ളിൽ സഹലിലേയ്ക്ക് രാഹുൽ പന്തൊന്നു നീട്ടി. പന്തിനെ പിടിച്ചെടുത്ത് ബോക്സിന്റെ മധ്യത്തിൽ നിന്ന ലൂണയിലേയ്ക്കു സഹലൊന്നു നീട്ടി നൽകി. പതിയെ പന്തിനെ തഴുകിയൊഴിഞ്ഞ ലൂണ ബോക്സിലേയ്ക്കൊന്നു തള്ളി വിട്ടു. കളിയും ഗോളും ബ്ലാസ്റ്റേഴ്സിന്റെ ഗാലറിയെതൊട്ടിളക്കി.
45 ആം മിനിറ്റിൽ ഡിമാന്റാകോസിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു ഗോവയ്ക്ക് വലിയ വിലയാണ് നൽകിയത്. സഹൽ ബോക്സിനുള്ളിൽ വച്ച് ചിപ്പ് ചെയ്ത് തന്ന പന്തിനെ സ്വന്തം കാലിൽ ഒതുക്കി നിർത്തി ഷോട്ടടിയ്ക്കാൻ ശ്രമിക്കുന്നതിനിടിയെയാണ് പിന്നിൽ നിന്നും കാലിട്ട് അൻവർ ഡിമാന്റാക്കോസിനെ വീഴ്ത്തുന്നത്. ഡിമാന്റാകോസ് വീണതിനു പിന്നാലെ റഫറി പെനാലിറ്റി സ്പോട്ടിലേയ്ക്കു വിരൽചൂണ്ടി. ബ്ലാസ്റ്റേഴ്സിന്റെ ഷോട്ടെടുക്കാൻ ഡിമാന്റാകോസ് തന്നെ എത്തി. വലത്തേയ്ക്കു ചാടിയ ഗോളിയെ കബളിപ്പിച്ച് പന്ത് വലയിൽ. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ..!
അൻപത്തിരണ്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന അതിസുന്ദരൻ ഗോളെത്തി. ബോക്സിനു പുറത്തു നിന്ന് ഇവാൻ നീട്ടിയടിച്ച പന്ത് ഒന്ന് വളഞ്ഞ് പുളഞ്ഞ് വലയ്ക്കുള്ളിൽ കയറുമ്പോൾ, ഗോളി പന്തിന്റെ ദിശനോക്കി നിന്നു പോയി. എന്നിട്ടും മതിയാകാതെ ആക്രമിച്ച് അഴകും അളവും നോക്കി പാഞ്ഞു കയറുകയായിരുന്നു ബ്ലാസ്റ്റ്ഴേസ്. അതിനിടെ അപ്രതീക്ഷിതമായി ഗോവൻ മറുപടിയെത്തി. നോഹയുടെ ഗോൾ 57 ആം മിനിറ്റിൽ വലയിൽ എത്തിയെങ്കിലും കൂടുതൽ ഗോളും ശല്യവുമില്ലാതെ ബ്ലാസ്റ്റേഴ്സ് കളി തീർത്തു.