തോറ്റ് മടുത്തു, ഒടുവില്‍ കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്, പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും

കൊച്ചി : മുഖ്യപരിശീലകന്‍ മിക്കായേല്‍ സ്റ്റാറെ, സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെ ചുമതലകളില്‍ നിന്ന് നീക്കിയതായി കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്‍റെ പുതിയ പരിശീലകനെ ക്ലബ്ബ് ഉടന്‍ പ്രഖ്യാപിക്കും. ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്‍റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്‌മെന്‍റ് തലവനുമായ തോമക്ക് തൂഷ്, സഹപരിശീലകന്‍ ടി.ജി പുരുഷോത്തമന്‍ എന്നിവര്‍ പുതിയ പരിശീലകനെത്തുന്നതുവരെ ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലക ചുമതല വഹിക്കും.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കൊപ്പമുള്ള കാലയളവിൽ നല്‍കിയ സംഭാവനകള്‍ക്ക് മിക്കായേൽ സ്റ്റാറെ, ബിയോണ്‍, ഫ്രെഡറിക്കോ എന്നിവരോട് ക്ലബ്ബ് നന്ദി അറിയിച്ചു. ഐഎസ്എല്ലില്‍ തുടര്‍ തോല്‍വികളെ തുടര്‍ന്നാണ് സ്റ്റാറെയെ പരിശീലക സ്ഥാനത്തു നിന്ന് ബ്ലാസ്റ്റേഴ്സ് പുറത്താക്കിയത്.കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ ബഗാനോട് ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റിരുന്നു.അവസാന മിനിറ്റുകളില്‍ വഴങ്ങിയ ഇരട്ടഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയിലേക്ക് നയിച്ചത്. ടീമിന്‍റെ മോശം പ്രകടനത്തിനെതിരെ ആരാധക കൂട്ടായ്മയായ മ‍ഞ്ഞപ്പടയും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Advertisements

മോശം പ്രകടനം തുടര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത ഹോം മത്സരത്തില്‍ വാദ്യമേളങ്ങളും ടീമിനായുള്ള മുദ്രാവാക്യങ്ങളും ഒഴിവാക്കുമെന്ന് മഞ്ഞപ്പട മുന്നറിയിപ്പ് നല്‍കിയിരുന്നു.ഈ സീസണില്‍ 12 കളികളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് ഏഴെണ്ണത്തില്‍ തോറ്റു. രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങി. പോയന്‍റ് പട്ടികയില്‍ 11 പോയന്‍റുമായി നിലവില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണ്‍ വരെ ബ്ലാസ്റ്റേഴ്സ് പരിശീലകനായിരുന്ന ഇവാന്‍ വുക്കോമനോവിച്ച് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് മികായേല്‍ സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകനാക്കിയത്. 2026 വരെയായിരുന്നു സ്റ്റാറെയുമായി ബ്ലാസ്റ്റേഴ്സിന് കരാറുണ്ടായിരുന്നത്. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകൻ കൂടിയായിരുന്നു മികായേല്‍ സ്റ്റാറേ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.