തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ ആദ്യമായി ഫൈനലിൽ കടക്കുന്ന ടീമായി കാലിക്കട്ട് ഗ്ലോബ് സ്റ്റാർസ്. ഇന്ന് ഉച്ചയ്ക്ക് നടന്ന സെമി ഫൈനലിലാണ് കാലിക്കട്ട് തിരുവനന്തപുരത്തെ തകർത്ത് ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കട്ട് 20 ഓവറിൽ 173 റണ്ണാണ് അടിച്ചു കൂട്ടിയത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മേൽ 34 പന്തിൽ നിന്നും 64 റൺ അടിച്ചെടുത്താണ് ടീമിനെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. അഖിൽ സ്‌കറിയ (55) സൽമാൻ നിസാർ (23) എന്നിവരാണ് ടീമിന്റെ മറ്റ് സ്‌കോറർമാർ. തിരുവനന്തപുരത്തിന് വേണ്ടി ടി.എസ് വിനിൽ രണ്ടും, ഹരികൃഷ്ണനും, അഖിൽ എം.എസും, ശ്രീഹരിയും ഓരോ വിക്കറ്റും വീഴ്ത്തി. തിരുവനന്തപുരത്തിന് വേണ്ടി റിയ ബഷീറും (69), ഗോവിന്ദപൈയും (68) മികച്ച തുടക്കം നൽകിയെങ്കിലും മറ്റാർക്കും ടീമിൽ രണ്ടക്കം തികയ്ക്കാനായില്ല. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 155 ൽ തിരുവനന്തപുരത്തിന്റെ പോരാട്ടം അവസാനിച്ചു. അഖിൽ സ്‌കറിയ നാലും, നിഖിൽ രണ്ടും, അഖിൽ ദേവ് ഒരു വിക്കറ്റും വീഴ്ത്തി.