പാമ്പാടി : വിദ്വേഷ സംസ്ക്കാരത്തിനെതിരെയുള്ള പോരാട്ടം ദുരിതമനുഭവിക്കുന്ന മനുഷ്യന്റെ മഹാസമരമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. പാമ്പാടിയിൽ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് വിദ്വേഷ സംസ്ക്കാരമല്ല വേണ്ടത് മാനവീക മൂല്യങ്ങളാണ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് ആശയത്തെയാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ പിന്തുടരുന്നത്.
അവരുടെ വിദ്വേഷ സംസ്ക്കാരം പ്രതിഷേധങ്ങളിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമാന്നെന്നും റഹീം പറഞ്ഞു. ധീരജ് നഗറിൽ ( പാമ്പാടി ബസ് സ്റ്റാന്റ് ) നടന്ന സെമിനാറിൽ ജില്ലാ പ്രസിഡന്റ് കെ ആർ അജയ് അദ്ധ്യക്ഷനായി.
സിപിഐഎം ജില്ലാ സെകട്ടറിയേറ്റ് അംഗങ്ങളായ കെ എം രാധാകൃഷ്ണൻ , റെജി സഖറിയ , ഡി വൈ എഫ് ഐ കേന്ദ്ര കമ്മറ്റി അംഗം ജെയ്ക് സി തോമസ് , സി പി ഐ എം ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് , ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റിയംഗങ്ങളായ എൻ അനിൽ കുമാർ , ബിന്ദു അജി , ജില്ലാ സെക്രട്ടറി സജേഷ് ശശി എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ എം ഏബ്രഹാം സ്വാഗതവും ജില്ലാ കമ്മറ്റിയംഗം പി ഡി ദിലീഷ് നന്ദിയും പറഞ്ഞു.