കൊച്ചി: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. സിഎംആർഎല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാധ്യമങ്ങള്‍ക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അടക്കം സിഎംആർഎല്‍ പണം നല്‍കിയതായി ആദായ നികുതി റിപ്പോർട്ടിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം എന്ന ഹർജിക്കാരന്‍റെ ആവശ്യം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മാസപ്പടിക്കേസില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരായ റിവിഷന്‍ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. എക്സാലോജിക്ക് കമ്ബനിക്ക് സിഎംആര്‍എല്‍ പ്രതിഫലം നല്‍കിയത് അഴിമതി വിരുദ്ധനിയമത്തിന്‍റെ വരുമെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.