കോട്ടയം. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന്റെ പേരിൽ സഞ്ജയ് സക്കറിയ എന്ന പ്രതിയുടെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയതോടെ കൂട്ടുപ്രതിയായ കോൺഗ്രസ്സിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്ന് കേരളാ കോൺഗ്രസ്സ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് ഈ വിധി.
എഫ്.ഐ.ആർ റദ്ദാക്കണമെന്ന അപേക്ഷ തള്ളിയതോടെ ഏറ്റവും ഒടുവിലായി പ്രതി കോട്ടയത്ത് പത്രസമ്മേളനത്തിലൂടെ നടത്തിയ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. സ്ത്രീകൾ, കുട്ടികൾ, കുടുംബാംഗങ്ങൾ എന്നിങ്ങനെ ഏതൊരാളിനേയും സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്നരീതി നമ്മുടെ സംസ്ക്കാരത്തിന് യോജിക്കുന്നതല്ല എന്നതുകൊണ്ടാണ് തുടർച്ചയായി ഇത്തരം അധിക്ഷേപങ്ങൾ ഉണ്ടായപ്പോൾ നിയമപരമായ മാർഗ്ഗത്തിലൂടെ പരാതി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ തുടർന്നും ഈ കേസുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണങ്ങളും വ്യക്തിഹത്യയും ആവർത്തിക്കുന്നതിനാണ് പ്രതി ശ്രമിച്ചത്. കെ.എം മാണി സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള പകയാൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ചേരാത്ത വിധത്തിൽ ഈ നടപടികളെ പരസ്യമായി ന്യായീകരിക്കുകയും പ്രതിയെ എന്തുവിലകൊടുത്തും സംരക്ഷിക്കും എന്നുള്ള നിലപാടാണ് ഡി.സി.സി പ്രസിഡന്റ് ഉൾപ്പടെയുള്ള കോൺഗ്രസ്സ് നേതാക്കൾ സ്വീകരിച്ചത്.
കേരളാ കോൺഗ്രസ്സ് (എം) നെ വേട്ടയാടാൻ ശ്രമിക്കുന്ന കോൺഗ്രസ്സിനുള്ള തിരിച്ചടി കൂടിയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.