കൊല്ലം : വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും കേരളം ഒന്നാമതായി എന്നതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തേവലക്കരയില്‍ ചേർന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പക്ഷേ യു.ഡി.എഫ്. എം.പി.മാർ കേരളത്തിലെ ജനങ്ങളുടെ വികാരത്തിനൊപ്പം നില്‍ക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനാ അവകാശങ്ങളും മതനിരപേക്ഷതയും ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ഉയരേണ്ട രോഷം ഉയർന്നോ. കേരളത്തെ സാമ്ബത്തികമായി ശ്വാസംമുട്ടിക്കുന്നതിനെതിരേ നിവേദനം നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ യു.ഡി എഫ് എം.പിമാർ മാറിക്കളയുകയുകയായിരുന്നു. പിന്നീട് അത് കേരളത്തിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് എഴുതിച്ചേർക്കണമെന്നും ആവശ്യപ്പെട്ടവരാണവർ. ഇത്തവണ ഇതിനെതിരേ ശക്തമായൊരു എല്‍.ഡി.എഫ്. തരംഗം ഇവിടെ ഉയർന്നുവന്നിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ അനില്‍ പുത്തേഴം അധ്യക്ഷനായി. മന്ത്രിമാരായ കെ.എൻ.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, കെ.ബി,ഗണേഷ്കുമാർ, തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി.മനോഹരൻ, സ്ഥാനാർഥി എം.മുകേഷ് എം.എല്‍.എ. എന്നിവർ സംസാരിച്ചു.