തൃശൂർ : ഇരിങ്ങാലക്കുട സ്വദേശിയായ 22 വയസ്സുള്ള യുവതിയേയും 45 ദിവസം പ്രായമുള്ള കുഞ്ഞിനെയും കാണാനില്ലെന്ന പരാതിയാണ് കൊച്ചി സിറ്റി പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുന്നത്. വൈറ്റില ഹബ്ബിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസിൽ യുവതിയും കുഞ്ഞും കയറിയതായി സൂചന ലഭിച്ച പോലീസ് രാത്രി രണ്ടുമണിയോടുകൂടി കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഫോൺ അറ്റന്റ് ചെയ്തത് കെഎസ്ആർടിയിലെ കൺട്രോൾ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്മിത എസ് എന്ന ജീവനക്കാരിയാണ്.
തുടർന്ന് കടന്നുപോയത് ഉദ്വോഗ ജനകമായ നിമിഷങ്ങളായിരുന്നു. കെഎസ്ആർടിസി കൺട്രോൾ റൂമിൽ നിന്നും ആ സമയത്ത് വൈറ്റില ഹബ്ബ് വഴി കടന്നുപോകുന്ന ഇരുപതിൽ പരം ബസ്സുകളുടെ വിവരങ്ങൾ ശേഖരിച്ചു. തൊട്ടടുത്ത കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർമാരെ വിവരങ്ങൾ അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാർ സ്റ്റാന്റിൽ വരുന്ന ബസുകൾ അരിച്ച് പെറുക്കി. ഓരോ ബസ് ജീവനക്കാരെയും ഫോണിൽ ബന്ധപ്പെട്ട് വിവരം കൈമാറിയെങ്കിലും യുവതിയേയും കുഞ്ഞിനേയും കണ്ടെത്താനായില്ല.പോലീസ് കൺട്രോൾ റൂമും കെഎസ്ആർടിസി കൺട്രോൾ റൂമും നിരന്തരം ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നതിനാൽ രാവിലെ 6.30 മണിയോടുകൂടി കൊല്ലത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യുവതിയും കുഞ്ഞും കയറിയിട്ടുള്ളതായി സൂചന ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 6 മണിക്കും 7 മണിക്കും ഇടയിൽ കൊല്ലം വഴി തൃശൂർ ഭാഗത്തേക്ക് കടന്നുപോയ എല്ലാ ബസ്സുകളുടെയും വിവരങ്ങൾ ശേഖരിച്ച്, കൺട്രോൾ റൂമിൽ നിന്ന് നൽകിയ നിർദേശമനുസരിച്ച് ജീവനക്കാർ നടത്തിയ പരിശോധനയിൽ പാറശാലയിൽ നിന്നും തൃശൂരിലേക്ക് സർവീസ് നടത്തുന്ന RSC 600 നമ്പർ സൂപ്പർഫാസ്റ്റ് ബസിൽ നിന്ന് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതിയെ കണ്ടെത്തിയ വിവരം പോലീസ് കൺട്രോൾ റൂമിലേക്ക് അറിയിക്കുകയും പോലീസ് കൺട്രോൾ റൂമിൽ നിന്നും ആലപ്പുഴ സൗത്ത് സിഐയിൽ നിന്നും ഈ ബസ്സിലെ കണ്ടക്ടർക്ക് ലഭിച്ച നിർദ്ദേശമനുസരിച്ച് ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ബസ് നിർത്തി, വനിതാ പോലീസ് ഉൾപ്പെടെ ഉണ്ടായിരുന്ന ആലപ്പുഴ സൗത്ത് പോലീസ് ടീമിന് യുവതിയെയും കുഞ്ഞിനെയും ഏൽപ്പിക്കുകയായിരുന്നു. രണ്ട് കൺട്രോൾ റൂമിലുളള ജീവനക്കാർ കൈകോർത്ത് പ്രവർത്തിച്ചതിൻ്റെ ഫലമായാണ് യുവതിയേയും കുഞ്ഞിനെയും മണിക്കൂറുകൾക്കകം കണ്ടെത്താൻ സാധിച്ചത്.