കോഴിക്കോട്: ‘ദി കേരള സ്റ്റോറി’ തല്‍ക്കാലം പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ താമരശ്ശേരി രൂപത. രൂപതയ്ക്കു കീഴിലെ 120 കെ.സി.വൈ.എം യൂനിറ്റുകളില്‍ ശനിയാഴ്ച സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളില്‍നിന്നും വിട്ടുനില്‍ക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോള്‍ എത്തിയിരിക്കുന്നത്. താമരശ്ശേരി രൂപത ബിഷപ്പ് ഇതുസംബന്ധിച്ച നിർദേശം കെസിവൈഎമ്മിന് നല്‍കിയെന്നാണ് വിവരം. ചിത്രം പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നതിനുപിന്നാലെയാണ് നിലപാട് മാറ്റം. ശനിയാഴ്ച വൈകീട്ട് കെസിവൈഎം എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരുന്നുണ്ട്. ചിത്രം എന്ന് പ്രദർശിപ്പിക്കണം എന്നതടക്കമുള്ള തീരുമാനം യോഗത്തില്‍ ഉണ്ടാകുമെന്നാണ് ഭാരവാഹികള്‍ അറിയിക്കുന്നത്.
കുട്ടികള്‍ക്കുള്ള ബോധവത്കരണത്തന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിക്കുന്നത് എന്നായിരുന്നു കെ.സി.വൈ.എം ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. സെൻസർ ബോർഡിന്റെ അനുമതിയുള്ള ഒരു ചിത്രം പ്രദർശിപ്പിക്കുന്നതില്‍ എന്താണ് തെറ്റ് എന്നായിരുന്നു കെ.സി.വൈ.എമ്മിന്റെ വാദം. എന്നാല്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വലിയ പ്രതിഷേധം ഇതിനെതിരെ ഉയർന്നിരുന്നു. നേരത്തെ ഇടുക്കി രൂപതയും തലശ്ശേരി രൂപതയ്ക്ക് കീഴിലെ ചില യൂനിറ്റുകളിലും കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സണ്‍ഡേ സ്കൂളുകളിലായിരുന്നു ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചത്. കുട്ടികള്‍ക്കായുള്ള ഊർജിത പരിശീലനപദ്ധതിയുടെ ഭാഗമായായിരുന്നു പ്രദർശനം എന്നായിരുന്നു വിശദീകരണം. ഏപ്രില്‍ രണ്ടുമുതല്‍ നാലുവരെയാണ് രൂപതയുടെ കീഴിലെ 105 സണ്‍ഡേ സ്കൂളുകളില്‍ കോഴ്സ് സംഘടിപ്പിച്ചത്. കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുക്കാതെ ദൂരദർശനിലും ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചിരുന്നു.