പൊരുതി തോറ്റ് ബ്ളാസ്റ്റേഴ്സ് : തോൽവി മൂന്നിനെതിരെ നാല് ഗോളിന് 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീ​ഗിലെ നിർണായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മോഹൻ ബഗാന്റെ വിജയം. അടിച്ചും തിരിച്ചടിച്ചും ആവേശം ഉണർത്തിയ ശേഷം അന്തിമ ഫലത്തിൽ മോഹൻ ബ​ഗാൻ മുന്നിലെത്തി. ബ​ഗാനായി അർമാൻഡോ സാദികു ഇരട്ട ​ഗോൾ നേടി. മത്സരം ഉണർന്നതും ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് മോഹൻ ബ​ഗാൻ മുന്നിലെത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം പ്രിതം കോട്ടാലിന്റെ പിഴവ് മുതലെടുത്ത ബ​ഗാൻ താരം അർമാൻഡോ സാദികു ഒരു തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. പിന്നീട് കൊമ്പന്മാർ മത്സരത്തിലേക്ക് തിരിച്ചുവന്നു. പന്തിനെ നിയന്ത്രിച്ച് ബ്ലാസ്റ്റേഴ്സ് പതിയെ മുന്നേറി. എങ്കിലും ആദ്യ പകുതിയിൽ ഒറ്റ ​ഗോളിൽ ബഗാൻ സംഘം മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 54-ാം മിനിറ്റിലാണ് കൊമ്പന്മാർ സമനില പിടിച്ചത്. മലയാളി താരം കെ പി രാഹുൽ അസിസ്റ്റ് നൽകിയപ്പോൾ മറ്റൊരു മലയാളി വിപിൻ മോഹൻ ​ഗോൾ നേടി. അതുവരെ ​ഗോൾപോസ്റ്റിന് മുന്നിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത വിശാൽ കൈത്തിന്റെ പ്രകടനം നിഷ്ഫലമാക്കിയാണ് ബ്ലാസ്റ്റേഴ്സ് സംഘം ഒപ്പമെത്തിയത്.

Advertisements

ബാസ്റ്റേഴ്സ് ​ആരാധകരുടെ ആഘോഷം അവസാനിച്ചതും മോഹൻ ബ​ഗാൻ തിരിച്ചടിച്ചു. അർമാൻഡോ സാദികു വീണ്ടും ​പന്ത് വലയിലെത്തിച്ചു. മോഹൻ ബ​ഗാൻ മത്സരത്തിൽ മുന്നിലെത്തി. പക്ഷേ വിട്ടുകൊടുക്കാൻ കൊമ്പന്മാർ തയ്യാറായിരുന്നില്ല. 63-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്സിനെ രണ്ടാമതും ഒപ്പമെത്തിച്ചു.അവിടെയും മത്സരത്തിലെ ​ഗോൾവേട്ട അവസാനിച്ചില്ല. 69-ാം മിനിറ്റിൽ ലഭിച്ച കോർണറിലൂടെ ബ​ഗാൻ വീണ്ടും മുന്നിലെത്തി. ദിമിത്രി പെട്രാറ്റോസിന്റെ കോർണർ കിക്ക് ദീപക് താംഗ്രി തകർപ്പൻ ഹെഡറിലൂടെ വലയിലാക്കി. പിന്നീട് ബ്ലാസ്റ്റേഴ്സിനെ കാഴ്ചക്കാരാക്കി ലീഡ് ഉയർത്താനുള്ള ശ്രമങ്ങളായി ബ​ഗാന്റെ താരങ്ങൾ. പലതവണ പ്രതിരോധിച്ചിട്ടും 97-ാം മിനിറ്റിൽ ബ​ഗാൻ ലീഡ് ഉയർത്തി.ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം മുതലെടുത്ത് ജേസൺ കമ്മിം​ഗ്സാണ് ​ഗോളടിച്ചത്. പിന്നാലെ 99-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ​ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് തോൽവി ഭാരം കുറച്ചു. ഒരുപക്ഷേ ഇഞ്ചുറി ടൈമിലെ ആ പ്രതിരോധ പിഴവില്ലായിരുന്നെങ്കിൽ മത്സരം സമനിലയാക്കാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞേനേ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.