കൊച്ചി: സന്തോഷ്ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖല യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. കൊച്ചി കലൂര്‍ ജെ എല്‍ എന്‍ സ്റ്റേഡിയത്തില്‍ ലക്ഷദ്വീപിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്. കേരളത്തിനു വേണ്ടി നിജോ ഗില്‍ബര്‍ട്ട്, ജെസിന്, എസ് രാജേഷ്, അര്ജുന് ജയരാജ് എന്നിവര്‍ ഗോള്‍ നേടി. ലക്ഷദ്വീപ് താരം തന്‍വീറിന്റെ സെല്‍ഫ് ഗോളായിരുന്നു ഒന്ന്. ലക്ഷദ്വീപിന്റെ ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
മത്സരത്തിന്റെ തുടക്കം മുതല്‍ കേരളത്തിന്റെ ആധിപത്യമായിരുന്നു. നാലാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. പെനാലിറ്റിയിലൂടെ നിജോയാണ് കേരളത്തിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. പിന്നാലെ 12-ാം മിനിട്ടില്‍ ജെസിന് കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മികച്ച ഫിനിഷിലൂടെയാണ് ജെസിന് വലകുലുക്കിയത്. 26-ാം മിനിറ്റില്‍ മുഹമ്മദ് സഫ്നാദിനെ ഫൗള്‍ ചെയ്തതിന് ലക്ഷ്വദീപ് നായകന് ഉബൈദുല്ല റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. തുടര്‍ന്ന് 36-ാം മിനിട്ടില്‍ സെല്‍ഫ് ഗോളിലൂടെ ലക്ഷദ്വീപ് കേരളത്തിന് മൂന്നാം ഗോളും സമ്മാനിച്ചു. ഗോള്‍കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ലക്ഷദ്വീപ് താരം തന്‍വീറിന്റെ കാലില്‍ തട്ടി ഗോളായി മാറുകയായിരുന്നു. ഇതോടെ ആദ്യ പകുതിയില്‍ തന്നെ കേരളം 3-0 ലീഡ് എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയില്‍ 82-ാം മിനിറ്റില്‍ രാജേഷിലൂടെ കേരളം നാലാം ഗോളും ഇഞ്ചുറി ടൈമില്‍ അര്ജുന് ജയാരാജ് അഞ്ചാം ഗോളും നേടി കേരളത്തിന് ഗംഭീര വിജയം സമ്മാനിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുതുച്ചേരിക്ക് എതിരെയും ഞായറാഴ്ച്ച ആന്‍ഡമാന്‍ എതിരെയുമാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങള്‍.