കോട്ടയം: ‘യുവത്വം , നവകേരള നിർമ്മിതിക്ക് ‘ എന്ന പ്രഖ്യാപിത മുദ്രാവാക്യവുമായി വരുന്ന ഒരു വർഷക്കാലത്തെ കർമ്മപരിപാടികൾക്ക് രൂപം നൽകുവാൻ കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ‘ലീഡേഴ്സ് സമ്മിറ്റ് ‘ നവം 9ന് കോട്ടയത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പേരൂർ കാസാ മരിയ സെന്ററിലെ പ്രത്യേകം തയ്യാറാക്കിയ കെ.എം. മാണി നഗറിലാണ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മാത്രം പങ്കെടുക്കുന്ന ഏകദിന ക്യാമ്പ് നടക്കുന്നത്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ , ജില്ലാ പ്രസിഡണ്ടുമാർ, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിമാർ, നിയോജക മണ്ഡലം പ്രസിഡൻ്റുമാർ എന്നിവർ മാത്രമാണ് ക്യാമ്പിൽ സംബന്ധിക്കുന്നത്.
ഡിസംബർ ആദ്യവാരം യുവ രക്തദാന സേനയുടെ സംസ്ഥാനതല രൂപീകരണം. ഡിസംബർ 21ന് കോഴിക്കോട് ജില്ലയിൽ തുടക്കം കുറിച്ച് 14 ജില്ലകളിലും സംഘടിപ്പിക്കുന്ന കേരളാ യൂത്ത് ഫ്രണ്ട് എം ജില്ലാ സമ്മേളനങ്ങൾ, ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യുവജനങ്ങളെ സജ്ജരാക്കുന്നതിനായി 2025 ഏപ്രിൽ 9ന് നടക്കുന്ന കെ.എം. മാണി സ്മൃതി സംഗമത്തിന് മുമ്പ് സംസ്ഥാനത്തുടനീളം പഞ്ചായത്തടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന യുവജന നിശാ ക്യാമ്പുകൾ, നിശാ ക്യാമ്പുകൾക്കും മറ്റിതര യൂത്ത് ഫ്രണ്ട് പരിപാടികൾക്കും ക്ലാസുകൾ എടുക്കുന്നതിനായി യുവ വിദഗ്ധരെ ഉൾപ്പെടുത്തി രുപീകരിക്കുന്ന റിസോഴ്സ് ടീം രൂപീകരണം, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും തൊഴിലിടങ്ങളിലെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി യൂത്ത് ഫ്രണ്ട് എം സമർപ്പിക്കുന്ന നിർദ്ദേശങ്ങളുടെ ക്രോഡികരണം, കേന്ദ്ര സർവീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ നികത്താത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരായ പ്രചാരണ-പ്രക്ഷോഭ പരിപാടികൾ പാർട്ടി ചെയർമാനെ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ പ്രതിരോധം തീർക്കൽ, യുവ സംരംഭകർക്ക് സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ ശില്പശാലകൾ, ഹെല്പ് ഡെസ്ക്, യുവകർഷകർക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള പഴവർഗ കൃഷിയുടെ പ്രോത്സാഹനവും കൃഷി രീതികളും പരിചയപ്പെടുത്തൽ, നവമാദ്ധ്യമങ്ങളിലെ യുവതയുടെ ഇടപെടൽ എന്നിവയക്ക് ക്യാമ്പ് അന്തിമ രൂപം നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുവായ വിഷയങ്ങൾ സംബന്ധിച്ച് ക്യാമ്പിൽ ഉയരുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കും. യുവസേന പുനരുജ്‌ജീകരണവുമായി ബന്ധപ്പെട്ട് അഡ്വ. ജോബ് മൈക്കിൾ എം എൽ എ വിഷയം അവതരിപ്പിക്കും. കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ‘ലീഡേഴ്സ് സമ്മിറ്റ് ‘ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും. പാർട്ടി വൈസ് ചെയർമാൻമാരായ തോമസ് ചാഴികാടൻ എക്സ് എം പി, ഗവൺമെന്റ് ചീഫ് വിപ്പ് എൻ.ജയരാജ് എം എൽ എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, പ്രമോദ് നാരായൺ എം എൽഎ, സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ, കേരളാ യൂത്ത്ഫ്രണ്ട് എം ചുമതലയുള്ള സംസ്ഥാന സെക്രട്ടറി അഡ്വ അലക്സ് കോഴിമല, കേരളാ കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, സാജൻ തോടുക എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, സംസ്ഥാന ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി ഷെയ്ക്ക് അബ്ദുള്ള, ജനറൽ സെക്രട്ടറിമാരായ ദീപക് മാമ്മൻ, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.