ഭാഗ്യശാലികള്‍ക്ക് ബോധവല്‍ക്കരണം അത്യാവശ്യം! 25 കോടിയുടെ തിരുവോണം ബമ്പർ അടിക്കുന്നവർ ക്ലാസ്സിലിരിക്കണം

തിരുവനന്തപുരം: കോടികളുടെ ലോട്ടറിയടിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാത്തവരുടെ നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്.ലോട്ടറി തുക എങ്ങനെ വിനിയോഗിക്കണമെന്ന് അറിയാതെ തട്ടിപ്പിന് ഇരയാകുന്നവരും നിരവധിയുണ്ട്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ ഭാഗ്യശാലികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനൊരുങ്ങുകയാണ് ലോട്ടറി വകുപ്പ്.സമ്മാനമായി കിട്ടുന്ന പണം എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കാമെന്നതില്‍ വിദഗ്ധ ക്ലാസ് നല്‍കിയാണ് ബോധവത്കരണം.ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനിലായിരിക്കും ക്ലാസുകള്‍ സംഘടിപ്പിക്കുക. ഒരു ദിവസത്തെ ക്ലാസായിരിക്കും ഉണ്ടായിരിക്കുക.ആദ്യത്തെ ക്ലാസ് ഓണം ബമ്ബര്‍ വിജയികള്‍ക്ക് നല്‍കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഇത്തവണത്തെ ഓണം ബമ്ബറിന്റെ സമ്മാന തുക വര്‍ധിപ്പിച്ചിരുന്നു. ഒന്നാം സമ്മാനം 25 കോടിയാണ്. മറ്റു ആകര്‍ഷമായ സമ്മാനങ്ങളും അടങ്ങുന്നതാണ് ഓണം ബമ്ബര്‍. ഇതിനായുള്ള പാഠ്യപദ്ധതികള്‍ ഉടന്‍ ആവിഷ്‌കരിക്കും. നിക്ഷേപ പദ്ധതികള്‍, നികുതി, തുടങ്ങിയവയിലൂന്നിയായിരിക്കും ക്ലാസ്. വിജയികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി പണം സുരക്ഷിതമായി ഉപയോഗിക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ വ്യക്തമാക്കി.

Advertisements

Hot Topics

Related Articles