തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്‌നര്‍ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്.
സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി സുഭാഷ്, കാക്കൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാന്‍, കയറ്റുമതി കോ ഓഡിനേറ്റര്‍ എം.ജി രാമകൃഷ്ണന്‍, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ജയന്‍ചന്ദ്രന്‍, ജോയിന്റ് രജിസ്ട്രാര്‍ ജോസല്‍, മഠത്തില്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രതിനിധികള്‍, കണ്ടെയ്നർ കൈകാര്യം ചെയ്യുന്ന മള്‍ട്ടി ഡയമെന്‍ഷല്‍ ഫ്രൈറ്റ് എല്‍എല്‍പി (എംഡിഎഫ്)കമ്ബനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതി. ഗുണനിലവാരമുള്ള മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതിക്കായി തയ്യാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണു സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 3 സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്തത്. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്.