തിരുവനന്തപുരം : പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഉഗ്രൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തില്‍ 8 വിക്കറ്റുകളുടെ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി ബോളിങ്ങില്‍ തിളങ്ങിയത് അരങ്ങേറ്റക്കാരനായ സർവാതെയാണ്. ബാറ്റിംഗില്‍ രണ്ടാം ഇന്നിങ്സില്‍ രോഹൻ കുന്നുമ്മലും സച്ചിൻ ബേബിയും അപരാജിതും മികച്ച പ്രകടനം പുറത്തെടുത്തതോടെ മത്സരത്തില്‍ കേരളം അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. നാലാം ദിവസത്തെ ശക്തമായ ബോളിംഗ് പ്രകടനമാണ് കേരളത്തെ മത്സരത്തില്‍ വിജയത്തിലെത്തിച്ചത്. രണ്ടാം ഇന്നിങ്സില്‍ ആക്രമണ മനോഭാവം പുലർത്തിയ രോഹൻ കുന്നുമ്മലും കേരളത്തിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു.മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ പഞ്ചാബിനെ പൂർണമായും എറിഞ്ഞിടാൻ അരങ്ങേറ്റക്കാരനായ സർവാത്രയ്ക്ക് സാധിച്ചു. പഞ്ചാബ് നിരയിലെ 5 വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്സില്‍ സർവാതെ പിഴുതെറിഞ്ഞത്. ഒപ്പം മറ്റൊരു സ്പിന്നറായ ജലജ് സക്സേനയും 5 വിക്കറ്റുകള്‍ സ്വന്തമാക്കിയതോടെ കേരളം പഞ്ചാബിനെ കേവലം 194 റണ്‍സില്‍ പുറത്താക്കുകയായിരുന്നു. പഞ്ചാബ് നിരയില്‍ 43 റണ്‍സ് നേടിയ രമൻദീപ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്.മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിനും മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. കേരളത്തിന്റെ ബാറ്റർമാർ ക്രീസിലുറക്കാൻ ശ്രമിച്ചങ്കിലും ആർക്കുംതന്നെ വലിയ സ്കോറുകള്‍ കണ്ടെത്താൻ സാധിച്ചില്ല. വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. 55 പന്തുകളില്‍ 38 റണ്‍സാണ് അസ്ഹറുദ്ധീൻ സ്വന്തമാക്കിയത്. മറ്റു ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുക്കാത്തതിനാല്‍ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 179 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ 15 റണ്‍സിന്റെ ആദ്യ ഇന്നിങ്സ് ലീഡ് പഞ്ചാബിന് ലഭിച്ചു. പിന്നീട് രണ്ടാം ഇന്നിങ്സില്‍ ബാറ്റിംഗ് ഇറങ്ങിയ പഞ്ചാബിനെ കേരളം ചുരുട്ടി കെട്ടുന്നതാണ് കാണാൻ സാധിച്ചത്.രണ്ടാം ഇന്നിങ്സില്‍ സർവാതെയ്ക്കൊപ്പം ബാബ അപരാജിതും 4 വിക്കറ്റുകള്‍ സ്വന്തമാക്കി മികവ് പുലർത്തി. പഞ്ചാബ് നിരയില്‍ 51 റണ്‍സ് സ്വന്തമാക്കിയ പ്രഭസിമ്രാൻ മാത്രമാണ് പിടിച്ചുനിന്നത്. ഇതോടെ പഞ്ചാബിന്റെ രണ്ടാം ഇന്നിങ്സ് 142 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിനായി ഒരു ട്വന്റി20 മോഡലിലാണ് രോഹൻ കുന്നുമ്മല്‍ ആരംഭിച്ചത്. 36 പന്തുകളില്‍ 48 റണ്‍സാണ് രോഹൻ നേടിയത്. 4 ബൗണ്ടറികളും 2 സിക്സറുകളും രോഹന്റെ ഇന്നിംഗ്സില്‍ ഉള്‍പ്പെട്ടു. നായകൻ സച്ചിൻ ബേബിയും ഒരുവശത്ത് ക്രീസിലുറച്ചതോടെ കേരളം വിജയത്തിലേക്ക് നീങ്ങി. സച്ചിൻ ബേബി ഇന്നിങ്സില്‍ 56 റണ്‍സാണ് സ്വന്തമാക്കിയത്. ഒപ്പം മൂന്നാമനായെത്തിയ ബാബ അപരാജിതും പക്വതയാർന്ന പ്രകടനം കാഴ്ചവച്ചു. ഇതോടെ മത്സരത്തില്‍ കേരളം അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.