കോട്ടയം: കേരളാ ഫോറസ്റ്റ് ഡവലപ്‌മെൻ്റ് കോർപറേഷൻ്റെ (കെഎഫ്ഡിസി) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2025 ജനുവരി 24 മുതൽ 2026 ജനുവരി 23 വരെ നീളുന്ന പരിപാടികളിൽ 6 ഡിവിഷനുകളിലായി പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചെയർപേഴ്സൺ ലതികാ സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെഎഫ്ഡിസിയുടെ വനവിള തോട്ടങ്ങളിൽ ഇപ്പോൾ പൂർണ്ണമായും വിവിധ സ്വദേശീയ ഇനം മരങ്ങൾ ആണ് നട്ടു വരുന്നത്. വൈറ്റ് പെപ്പർ, രുദ്രാക്ഷമാല, തൊലി ഇല്ലാത്ത ഏലക്ക വിത്ത് തുടങ്ങി നിരവധി ഉത്പന്നങ്ങൾ വനോപഹാർ എന്ന ഇക്കോഷോപ് വഴി പുറത്തിറക്കുന്നു.
നിലവിൽ ഗവി, വാഗമൺ, മീശപ്പുലിമല, മൂന്നാർ, മാനന്തവാഡി, അരിപ്പ, കല്ലാർ, നെല്ലിയാമ്പതി, എന്നിവിടങ്ങളിലാണ് കെ എഫ്ഡിസിയുടെ ഇക്കോ ടൂറിസം പദ്ധതികളുള്ളത്. ഒരു വർഷത്തിനുള്ളിൽ നിലവിലുള്ള പ്രൊജെക്ടുകൾ വിപുലീകരിക്കാനും പുതിയ പദ്ധതികൾ വിപുലീകരിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്.
പുതിയ ഇക്കോ-ടൂറിസം കേന്ദ്രങ്ങൾ വനം വകുപ്പിൽ നിന്നും ഏറ്റെടുത്തു നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഗമണിലെ ഓർക്കിഡേറിയം ഉന്നതനിലവാരത്തിൽ എല്ലാ പൊതുജനങ്ങൾക്കും ഉപകാരപ്രദമാകും വിധം നവീകരിക്കുന്നതിനുള്ള പ്ലാൻ തയ്യാറാക്കി വരുന്നു. വാഗമണിൽ വിവിധ സമയങ്ങളിൽ ഫ്ലവർ ഷോ നടത്തി വരുന്നു. 2025 ജനുവരി 24ന് രാവിലെ 10.30ന് കോട്ടയം കാരാപ്പുഴയിലുള്ള കെ.എഫ്.ഡിസിയുടെ മുഖ്യകാര്യാലയത്തിൽ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. ബഹു. സഹകരണ- ദേവസ്വം തുറമുഖ വകുപ്പ്മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥ പ്രധാനികളും പങ്കെടുക്കുന്നതാണ്.
കെ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ ജോർജി പി. മാത്തച്ചൻ ഐ.എഫ്.എസ്, ഡയറക്ടർമാരായ കെ.എസ്. ജ്യോതി, ഗോപിനാഥൻ പി.ആർ, അൽമ എം.എസ് കമ്പനി സെക്രട്ടറി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.