ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേർ അറസ്റ്റില്‍. സമാനമായ കേസുകളില്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ പ്രതിയായിട്ടുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. അരവിന്ദ്, ചന്ദ്രലാല്‍, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 29ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെണ്‍കുട്ടിയെ ഇവർ വീട്ടില്‍ നിന്ന് ബൈക്കില്‍ കടത്തി കൊണ്ടുപോയത്. മാരാരിക്കുളം പൊലീസ്, അടൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അന്വേഷണത്തില്‍ പെണ്‍കുട്ടി അടൂർ ഭാഗത്തുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അരവിന്ദ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ കേസിലും ചന്ദ്രലാല്‍, അടൂർ പൊലീസ് സ്റ്റേഷനിലെ സമാനമായ നിരവധി കേസുകളിലും പ്രതിയാണ്. ജിത്തു തിരുവനന്തപുരം ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ളയാളും കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയയാളുമാണ്. മാരാരിക്കുളം പൊലീസ് ഇൻസ്പെക്ടർ എ വി ബിജുവിന്റെ നേതൃത്വത്തില്‍ മണ്ണഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ കെ ആർ ബിജു, സബ് ഇൻസ്പെക്ടർമാരായ ജോമോൻ, രാജേഷ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ ഉല്ലാസ്, ഷാനവാസ്, ഷൈജു, സിവില്‍ പൊലീസ് ഓഫീസർമാരായ ശ്യാം കുമാർ, അനീഷ്, ആശമോള്‍, അഞ്ജു എന്നിവരങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.