മുംബൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ മോശം ഫോമിലായിരുന്ന വിരാട് കോഹ്‌ലിക്കെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. എന്നാല്‍, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടി ‘കിങ് കോഹ്‌ലി’ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോഹ്‌ലിയുടെ പ്രകടനത്തില്‍ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇതില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് എതിര്‍ ടീം ഗുജറാത്ത് ടൈറ്റന്‍സിന്റെ ആശംസ. കോഹ്‌ലിയുടെ അര്‍ധസെഞ്ച്വറിയെ പ്രകീര്‍ത്തിച്ചാണ് ഗുജറാത്തിന്റെ ട്വീറ്റ്.
‘നിങ്ങളൊരു ക്രിക്കറ്റ് ആരാധകനാണെങ്കില്‍ നിങ്ങളിത് ഇഷ്ടപ്പെടും,ഏത് ടീമിനെ സപ്പോര്‍ട്ട് ചെയ്താലും’ എന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്റെ ട്വീറ്റ്. ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് മികച്ച തുടക്കമാണ് കോഹ് ലി നല്‍കിയത്.മുഹമ്മദ് ഷമിയെ തുടരെ 2 ബൗണ്ടറി അടിച്ചാണ് കോഹ് ലി ബാറ്റിങ് തുടങ്ങിയത്. ഡുപ്ലസിസ് മടങ്ങിയിട്ടും രജത്തിനൊപ്പം നിന്ന് കോഹ് ലി റണ്‍സ് കണ്ടെത്തി. 45 പന്തില്‍ നിന്നാണ് കോഹ് ലി അര്‍ധ ശതകം പിന്നിട്ടത്.ഫോമില്ലാതെ വലയുന്ന കോഹ്‌ലിക്ക് ആശ്വാസമാണ് ഈ അര്‍ധ ശതകം. ഐപിഎല്ലിലെ കോഹ്‌ലിയുടെ 43ാമത്തെ അര്‍ധ ശതകമാണ് ഇത്. കോഹ് ലിക്ക് പിന്നാലെ രജത്തും അര്‍ധ ശതകം കണ്ടെത്തി. 29 പന്തില്‍ നിന്നാണ് രജത് അര്‍ധ ശതകം പിന്നിട്ടത്.