പുതിയ നേട്ടവുമായി ‘കിഷ്കിന്ധാ കാണ്ഡം’ ; ചിത്രം ഇനി ഐഎഫ്എഫ്കെയിലേക്ക്

തിരുവനന്തപുരം : 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’. മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്താണ് ചലച്ചിത്രമേള നടക്കുന്നത്. 12 ചിത്രങ്ങളാണ് മലയാള സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായകന്‍ ജിയോ ബേബി ചെയര്‍മാനും തിരക്കഥാകൃത്ത് പി.എസ്.റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാല്‍, ഫാസില്‍ റസാഖ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തിരഞ്ഞെടുത്തത്.

Advertisements

ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ‘കിഷ്കിന്ധാ കാണ്ഡം’ ഈ വർഷത്തെ മികച്ച ചിത്രമെന്ന അഭിപ്രായത്തോടെ വലിയ സ്വീകാര്യതയാണ് നേടിയത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണിത്. 70 കോടിക്ക് മുകളിലാണ് ചിത്രം തിയേറ്ററിൽ നിന്ന് നേടിയത്. ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. ചിത്രത്തിലെ ആസിഫ് അലിയുടെയും വിജയരാഘവന്റെയും പ്രകടനങ്ങൾക്ക് വലിയ കൈയ്യടിയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അപർണ ബാലമുരളി, നിഷാൻ, ജഗദീഷ്, അശോകൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. അനൂപ് മേനോൻ, സത്യൻ അന്തിക്കാട്, ‘ആട്ടം’ സിനിമയുടെ സംവിധായകൻ ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി തുടങ്ങി നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു.

ഐഎഫ്എഫ്കെയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് രണ്ടു മലയാള സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫാസില്‍ മുഹമ്മദിന്‍റെ ‘ഫെമിനിച്ചി ഫാത്തിമ’, ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ എന്നിവയാണത്. വി.സി. അഭിലാഷിൻ്റെ എ പാൻ ഇന്ത്യൻ സ്റ്റോറി, ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു, അഭിലാഷ് ബാബുവിൻ്റെ മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ, ശോഭന പടിഞ്ഞാട്ടിലിൻ്റെ ഗേൾഫ്രണ്ട്സ്, കെ. റിനോഷിൻ്റെ വെളിച്ചം തേടി, മിഥുൻ മുരളിയുടെ കിസ് വാഗൺ, ജിതിൻ ഐസക് തോമസിന്റെ പാത്ത്, ആർ. കെ. കൃഷന്ദിൻ്റെ സംഘർഷ ഘടന, സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ എന്നിവരുടെ മുഖക്കണ്ണാടി, ജെ. ശിവരഞ്ജിനിയുടെ വിക്ടോറിയ, സിറിൽ എബ്രഹാം ഡെന്നിസിൻ്റെ വാട്ടുസി സോംബി തുടങ്ങിയ ചിത്രങ്ങളാണ് കിഷ്കിന്ധ കാണ്ഡം കൂടാതെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റു സിനിമകൾ.

Hot Topics

Related Articles