ഗുവഹാത്തി: ശ്രീലങ്കയ്ക്കായ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ശ്രീലങ്കയ്ക്കെതിരായ സെഞ്ച്വറികളുടെ എണ്ണത്തിൽ സച്ചിനെ മറികടന്നാണ് കോഹ്ലി പുതുവർഷം ആഘോഷിച്ചത്. ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യ 373 റണ്ണാണ് അടിച്ചു കൂട്ടിയത്.
ഇന്ത്യയ്ക്കു വേണ്ടി ശുഭ്മാൻ ഗില്ലും, രോഹിത് ശർമ്മയുമാണ് ഓപ്പൺ ചെയ്തത്. 19 ഓവറിൽ 143 എന്ന മികച്ച് സ്കോറാണ് രോഹിത്തും ഗില്ലും ചേർന്ന് അടിച്ചെടുത്തത്. 67 പന്തിൽ മൂന്നു സിക്സും, ഒൻപത് ഫോറും പറത്തിയ രോഹിത് 83 റണ്ണടിച്ച് മധുശങ്കയുടെ പന്തിൽ ക്ലീൻ ബൗൾഡായി.
60 പന്തിൽ നിന്നും 70 റണ്ണെടുത്ത ഗിൽ ശനങ്കയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങും മുൻപ് 11 തവണയാണ് ബൗണ്ടറി പറപ്പിച്ചത്. ഗിൽ പുറത്തായതിനു പിന്നാലെ രോഹിത്തിന് കൂട്ടായി എത്തിയ കിംങ് കോഹ്ലി പതിവിന് വിപരിതമായി ആക്രമിച്ചു തന്നെയാണ് തുടക്കമിട്ടത്. 87 പന്തിൽ 113 റണ്ണടിച്ച കോഹ്ലി 12 ഫോറും ഒരു സിക്സും പറത്തി. രോഹിത്ത് പുറത്തായതിനു പിന്നാലെ എത്തിയ ശ്രേയസും (28), കെഎൽ രാഹുലും (39), പാണ്ഡ്യയും (14) കോഹ്ലിയ്ക്കു മികച്ച പിൻതുണ നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എട്ടു സെഞ്ച്വറികളാണ് സച്ചിൻ ശ്രീലങ്കയ്ക്കെതിരെ നേടിയത്. ഇന്ന് നേടിയത് അടക്കം ഒൻപത് സെഞ്ച്വറികൾ കോഹ്ലി കുറിച്ചു കഴിഞ്ഞു. ഇതോടെ തന്റെ 73 ആം സെഞ്ച്വറി നേടിയ കോഹ്ലി ശ്രീങ്കയ്ക്കെതിരായ സെഞ്ച്വറികളുടെ എണ്ണത്തിൽ സാക്ഷാൽ സച്ചിനെ തന്നെ മറികടന്നു.