കോട്ടയം: ഓർമ്മകളിൽ ജ്വലിച്ച് നിൽക്കുന്ന കെ.എം മാണിയ്ക്ക് സ്മരണാഞ്ജലിയുമായി ഇന്ന് കേരളം തിരുനക്കരയിൽ ഒത്തു കൂടും. കേരള കോൺഗ്രസിന്റെ പിറവിയ്ക്ക് തുടക്കമിട്ട കേരളത്തിന്റെ തിരുനക്കര മൈതാനത്ത് ഇന്ന് കെ.എം മാണിയെ നെഞ്ചേറ്റിയിരുന്ന ഒരു ജനസമൂഹം ഒന്നിച്ചെത്തും. സമൂഹത്തിന്റെ നാനാതുറയിലുള്ളവരെല്ലാം ഇന്ന് കെ.എം മാണിയുടെ ഓർമ്മകൾ പൂക്കുന്ന തിരുനക്കര മൈതാനത്ത് ഒത്തു കൂടും.
കഴിഞ്ഞ രണ്ടു വർഷങ്ങൾ കൊവിഡ് കവർന്നതിനാൽ, ഇക്കുറി വിപുലമായ പരിപാടികളാണ് കെ.എം മാണിയുടെ മൂന്നാമത് ഓർമ്മദിനത്തിൽ കേരള കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ ഒൻപത് ശനിയാഴ്ച രാവിലെ ഏഴു മണിയോടെ പാലായിൽ പള്ളിയിൽ കെ.എം മാണിയുടെ ഓർമ്മദിനത്തിൽ കുർബാനയും ചടങ്ങുകളും നടക്കും. കുടുംബാംഗങ്ങളും ചുരുക്കം ചിലരും മാത്രമാകും പരിപാടികളിൽ പങ്കെടുക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, രാവിലെ തിരുനക്കര മൈതാനത്തെ വേദിയിൽ കെ.എം മാണി സ്മൃതി സംഗമം നടക്കും. മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയും, മന്ത്രി റോഷി അഗസ്റ്റിനും, പാർട്ടി പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും ഉപവാസം ഇരിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് ചടങ്ങുകൾ
ഇത് കൂടാതെ തിരുനക്കര മൈതാനത്ത് തയ്യാറാക്കിയ വേദിയിൽ കെ.എം മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചയും ഉണ്ടാകും. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രവർത്തകരും സാധാരണക്കാരുമാണ് അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാനായി കോട്ടയത്തേയ്ക്ക് ഒഴുകിയെത്തുക. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ചെറുചടങ്ങുകളും, അനാഥാലയങ്ങളിലെ അന്നദാനവും മാത്രമായി ഒതുങ്ങിയിരുന്ന ചടങ്ങുകളാണ് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതോടെ എല്ലാവർക്കും മാതൃകയാക്കാവുന്ന രീതിയിൽ നടത്തുന്നത്.
സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള സാധാരണക്കാർ ഇതിനോടൊകം തന്നെ പരിപാടികളിൽ പങ്കെടുക്കുന്നതിനു സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നൂറുകണക്കിന് ആളുകൾ തിരുനക്കരയിൽ എത്തിച്ചേരുമെന്നാണ് പരിപാടികൾ സംഘടിപ്പിക്കുന്ന കേരള കോൺഗ്രസ് എം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളരാഷ്ട്രീയത്തിലെ എന്നെന്നും ഓർമ്മിക്കുന്ന കെ.എം മാണിയുടെ ഓർമ്മയിൽ തിരുനക്കരയും ഇന്ന് കുളിരണിയും.