ലണ്ടൻ : അര്‍മേനിയൻ പ്രതിരോധ താരം ജോര്‍ജി അരുത്യൂണിയന്റെ കാലുകളില്‍ തട്ടി തിരിച്ചെത്തുകയാണ് ആ പന്ത്. ഇടം കാലുകൊണ്ട് വരുതിയിലാക്കി.മൈതാനത്ത് ഒന്ന് തൊട്ട് ഉയര്‍ന്നു. ശേഷം, വലം കാലിലെ ബൂട്ടില്‍ നിന്ന് പ്രവഹിച്ച പന്ത് ഗോള്‍ പോസ്റ്റിലേക്ക് മൂളിപ്പറക്കുകയാണ്. ആര്‍മേനിയയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ നിന്ന് ശരീരം മുഴുവൻ പറിച്ചെറിഞ്ഞിട്ടും ഹെൻറി അവഗ്യാന്റെ കൈകകള്‍ക്ക് ആ പന്തിന്റെ ശരവേഗതയെ തടുക്കാനായില്ല.
പോസ്റ്റിനുള്ളിലെ വെള്ളക്കള്ളിയിലേക്ക് പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ അയാളുടെ ബൂട്ടില്‍ നിന്ന് 140-ാം തവണ പന്ത് പറന്നിറങ്ങിയിരിക്കുന്നു. മൈതാനത്തിന്റെ മൂലയിലേക്ക് ഇരുകൈകളും വിരിച്ചെത്തി 40-ാം വയസില്‍ സ്യൂ മുഴക്കുമ്ബോള്‍ ജാവോ ഫെലിക്ക്‌സിന്റെ മുഖത്ത് ആ നിമിഷത്തിന്റെ ആശ്ചര്യം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
40-ാം വയസില്‍ അയാളെക്കൊണ്ടൊന്നും കൂട്ടിയാല്‍ കൂടില്ല, അറേബ്യൻ മണ്ണിലെ ആവേശം മതിയാകില്ല, പെനാലിറ്റി ബോക്സിന് പുറത്ത് ഒരു കളിനിമിഷം ഇനി അവശേഷിക്കുന്നില്ല. കാല്‍പന്തില്‍ അസാധ്യനിമിഷങ്ങളുടെ മധ്യസ്ഥനായി രണ്ട് പതിറ്റാണ്ടോളമായി നിലകൊള്ളുന്നു. തന്നെ എഴുതിത്തള്ളാൻ ആയിട്ടില്ലെന്ന് തെളിയിച്ചിട്ട് മാസങ്ങള്‍ മാത്രമാണ് പിന്നിടുന്നത്, അത് ഒരിക്കല്‍ക്കൂടി അടിവരയിടുകയായിരുന്നു ഇന്നലെ, പറങ്കിപ്പടയുടെ നായകൻ, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. സി ആര്‍ സെവൻ.
അമേരിക്കൻ ഐക്യനാടുകളിലേക്ക് തന്റെ കരിയറിലെ ഏക ദുഖം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന യാത്രയുടെ ആദ്യ ചുവട്. ദിയൊഗൊ ജോട്ടയുടെ വേര്‍പാടിന് ശേഷമുള്ള പോര്‍ച്ചുഗല്‍ പുരുഷ ടീമിന്റെ ആദ്യ മത്സരം. വൈകാരികമായിരുന്നു റിപ്പബ്ലിക്കൻ സ്റ്റേഡിയത്തിലെ ഗ്യാലറിയും കളവും. അവിടെ പോര്‍ച്ചുഗല്‍ ടീം നിറഞ്ഞാടിയപ്പോള്‍ തന്റെ റോള്‍ ക്രിസ്റ്റ്യാനൊ ഭംഗിയായി നിര്‍വഹിക്കുകയായിരുന്നു.
ഫെലിക്സ് തുടങ്ങിയ ഗോള്‍വേട്ടക്ക് ശേഷം മത്സരത്തിന്റെ 21-ാം മിനുറ്റ്. പെഡ്രൊ നെറ്റൊ വലതുമൂലയില്‍ നിന്ന് ബോക്സിലേക്ക് ക്രോസ് തൊടുക്കുകയാണ്. ക്രിസ്റ്റ്യാനോയെ പ്രതിരോധിക്കാൻ മാത്രം മൂന്ന് അര്‍മേനിയൻ താരങ്ങള്‍. എന്നാല്‍, കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് പന്ത് മൈതാനം തൊടും മുൻപ് വലയിലേക്ക് തിരിച്ചുവിട്ടു ക്രിസ്റ്റ്യാനൊ. അന്താരാഷട്ര കരിയറിലെ 139-ാം ഗോള്‍. ഗോളാഘോഷത്തിന് ശേഷം ജോട്ടയുടെ ചിത്രത്തിന് മുന്നില്‍ നിന്ന് ആകാശത്തേക്ക് വിരല്‍ ചൂണ്ടി ക്രിസ്റ്റ്യാനൊ.
ജാവൊ ക്യാൻസലോ പോര്‍ച്ചുഗലിന്റെ മൂന്നാം ഗോള്‍ ജോട്ടയ്ക്ക് സമര്‍പ്പിച്ചു, ജോട്ടയുടെ ഗോള്‍ ആഘോഷം മൈതാനത്ത് ആവര്‍ത്തിച്ചു. രണ്ടാം പകുതിയിലെ ആദ്യ മിനുറ്റിലായിരുന്നു ബോക്സിന് പുറത്ത് നിന്ന് ക്രിസ്റ്റ്യാനൊ തുടക്കത്തില്‍ പറഞ്ഞവസാനിപ്പിച്ച ആ ഗോള്‍ നേടുന്നത്. 2015ല്‍ യൂറോപ്യൻ ചാമ്ബ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ഇതേ അര്‍മേനിയക്കെതിരെ, റിപ്പബ്ലിക്കൻ സ്റ്റേഡിയത്തില്‍ നേടിയ ആ ലോങ് റേഞ്ചര്‍ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു ഗോള്‍.