കൊച്ചി: കൊച്ചിയിൽ കടലിരമ്പം പോലെ ആർത്തിരമ്പിയ ആരാധകർക്ക് മുന്നിൽ ആവേശക്കടൽ തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്വല വിജയം. പിന്നിൽ നിന്നും പൊരുതിക്കയറിയ വിജയവുമായി ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. രണ്ടാം മിനിറ്റിൽ വലയിൽ കയറിയ പന്തിന് രണ്ടടി തിരിച്ചു നൽകിയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.
രണ്ടാം മിനിറ്റിൽ എൽ ഖയാത്തിയാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ ആദ്യം ഗോൾ നേടിയത്. ഈ ഗോളിൽ പിടിച്ചു നിൽക്കാൻ ചെന്നൈ ഈ ഗോളിൽ കടിച്ചു തൂങ്ങുകയാണ് ചെയ്തത്. എന്നാൽ, ഈ ഗോൾ വീണതിന് പിന്നാലെ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ആദ്യം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിന് 38 ആം മിനിറ്റിൽ പ്രതിഫലം കിട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളിയുടെ നായകത്വം ഏറ്റെടുത്ത മാന്ത്രികൻ അഡ്രിയാൻ ലൂണ, കിടിലൻ ഷോട്ടിലൂടെ ഗോൾ വല കുലുക്കി. കളിയിൽ ചെന്നൈയ്‌ക്കൊപ്പം പിടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്കും ആവേശം. ആദ്യ പകുതിയിൽ ഓരോ ഗോൾ വീതം അടിച്ച് രണ്ടു ടീമുകളും പിരിഞ്ഞു. രണ്ടാം പകുതിയിൽ ആദ്യം നിർത്തിയിടത്തു നിന്നും തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചു തന്നെയാണ് കളിച്ചത്. പല തവണ ബോക്‌സിലേയ്ക്കു ഷോട്ടെടുത്ത രാഹുലിന് 64 ആം മിനിറ്റിൽ പിഴച്ചില്ല. കിടിലൻ ടൈമിംങ് ഷോട്ട് വല കുലുക്കുമ്പോൾ ഗോളിയുടെ കാഴ്ച പിഴവിലൂടെ പന്ത് വലയിൽ എത്തിയിരുന്നു.
പിന്നീട് ഇരുടീമുകളും പല തവണ ആക്രമിച്ച് കളിച്ചെങ്കിലും വിജയം ബ്ലാസ്റ്റേഴ്‌സിന് ഒപ്പം നിന്നു. ഇതോടെ 17 കളികളിൽ നിന്നും 31 പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് വീണ്ടും സജീവമായി. 17 കളികളിൽ നിന്നും 18 പോയിന്റ് മാത്രമുള്ള ചെന്നൈയ്ക്ക് എട്ടാം സ്ഥാനം മാത്രമാണ്.