കൊച്ചി: നഗരത്തിലെ പൊതുഗതാഗത മേഖലയ്ക്ക് കുതിപ്പേകുന്നതിന് വേണ്ടിയാണ് കൊച്ചി മെട്രോ ഇലക്‌ട്രിക് ബസ് സർവീസായ ‘മോണോ കണക്‌ട്’ പ്രവർത്തനം ആരംഭിച്ചത്. പരിസ്ഥിതി സൗഹാർദ്ദമായ രീതിയില്‍ സജ്ജീകരിച്ച ബസുകളില്‍ സൗകര്യപ്രദമായ യാത്രയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ യാത്രക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിച്ച മെട്രോ കണക്‌ട് രണ്ട് പുതിയ റൂട്ടുകളില്‍ കൂടെ സർവീസ് നടത്താൻ ഒരുങ്ങുകയാണ്.
ഹൈക്കോടതി-എംജി റോഡ്, കടവന്ത്ര-കെപി വല്ലൻ റോഡ് എന്നീ രണ്ട് റൂട്ടുകളിലാണ് അടുത്ത ആഴ്ച മുതല്‍ സർവീസ് ആരംഭിക്കുക. എംജി റോഡ്, മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിലേക്കുള്ള യാത്ര ഉറപ്പാക്കാൻ ഹൈക്കോടതി-എംജി റോഡ് സർക്കുലർ സർവീസ് സഹായിക്കും. ഹൈക്കോടതി-എംജി റോഡ് സർവീസ് മാർച്ച് അഞ്ച് മുതല്‍ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. രണ്ടാമത്തെ സർവീസ് ഇതിന് ശേഷമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.