കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെട്രോളിയം ഡീലർമാർ 23ന് പ്രഖ്യാപിച്ച സമരം നീട്ടിവെച്ചു. ഡീലർമാരും കമ്പനികളുമായി മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇന്ധന ലഭ്യത ഉറപ്പാക്കുമെന്ന് കമ്പനികൾ രേഖാമൂലം മന്ത്രിയെ അറിയിച്ചതിനേത്തുടർന്നാണ് സമരം നീട്ടിയതെന്നു ഭാരവാഹികൾ അറിയിച്ചു. എച്ച്.പി.സി ഉൾപ്പെടയുള്ള പമ്പുകൾക്ക് ആവശ്യാനുസരണം ഇന്ധനം ലഭ്യമാക്കുക, എക്സട്രാ പ്രീമിയം പെട്രോളും ലൂബ്രിക്കന്റുകളും ഡീലർമാരെ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.
ഒരുമാസം സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ആവശ്യങ്ങൾ പൂർണമായി നടപ്പായില്ലെങ്കിൽ സമരം നടത്തുമെന്ന് ഡീലർമാരുടെ സംഘടനാ പ്രതിനിധികൾ അറിയിച്ചു.
തിങ്കളാഴ്ച, ഡീലർമാരുമായി കൊച്ചിയിലെ ഐ.ഒ.സി ആസ്ഥാനത്ത് സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റർ എസ്.കെ. ബെഹ്റ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്നലെ കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ, ആൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രെഡേഴ്സ് എന്നീ സംഘടകളുടെ പ്രതിനിധികളാണ് മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ കളക്ടർ ഉൾപ്പെട്ട സമിതി രൂപീകരിക്കുകയും ഡീലർമാർക്കുള്ള ഇന്ധന വിതരണം ഈ സമിതിയുടെ നിയന്ത്രണത്തിലാക്കുകയും വേണമെന്ന് ഡീലർമാർ ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായി ഒരു മാസക്കാലത്തക്കുള്ള ഇന്ധന വിതരണം നേരിട്ട് പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും പ്രതിനിധികൾ അറിയിച്ചു. സംസ്ഥാനത്തെ 650 എച്ച്.പി.സി പമ്പുകൾക്ക് പ്രതിദിനം 450ലോഡ് ഇന്ധനമാണ് വേണ്ടത്. കമ്പനികൾ നൽകുന്നതാകട്ടെ 250ൽ താഴെയും. ഇതോടെ നിരവധി പമ്പുകൾ അടച്ചിടേണ്ട അവസ്ഥയിലായി. ഐ.ഒ.സി ഒഴികെയുള്ള കമ്പനികൾ പൊതു അവധി ദിനങ്ങളിൽ ഇന്ധനം വിതരണം ചെയ്യുന്നില്ലെന്നതും ഡീലർമാർക്ക് തലവേദനയായി. ഇതേത്തുടർന്നാണ് ഡീലർമാർ സമരം പ്രഖ്യാപിച്ചത്. റിഫൈനറിയിൽ നിന്ന് പെട്രോൾ ലഭിക്കുന്നില്ലെന്നും ബൈബാക്ക് സംവിധാനത്തിലെ പാളിച്ചകളുമാണ് ഇന്ധന ക്ഷാമത്തിന് കാരണമായി കമ്പനികൾ പറഞ്ഞിരുന്നത്.