കൊച്ചി: കണ്ടെയ്നർ റോഡില്‍ അപകടാവസ്ഥയിലായ പാലങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ അറ്റകുറ്റപ്പണിയെന്ന് ദേശീയപാത അതോറിറ്റി. വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും ജോലികള്‍. ഒരു മാസത്തിനകം ജോലികള്‍ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കണ്ടെയ്നർ റോഡിലെ മൂലമ്പള്ളി കോതാട് പാലത്തില്‍ പരിശോധനകള്‍ പൂർത്തിയായി. പാലത്തിന്റെ തൂണുകളില്‍ കോണ്‍ക്രീറ്റിങ് അടക്കം അറ്റകുറ്റപണികള്‍ അടുത്ത ആഴ്ച മുതല്‍ തുടങ്ങാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ഗുരുതര പ്രശ്നങ്ങള്‍ ഉള്ള തൂണുകളില്‍ എല്ലാം എഞ്ചിനിയർമാരുടെ സാന്നിധ്യത്തില്‍ അറ്റകുറ്റപ്പണി പൂർത്തിയാക്കും. തുടർന്ന് എല്ലാ തൂണുകളും ബലപ്പെടുത്തും.
മൂലമ്പള്ളി കോതാട് പാലാത്തിന്റെ പണി പൂർത്തിയായ ശേഷമായിരിക്കും മുളവുകാട് പാലത്തിലെ ജോലികള്‍ തുടങ്ങുക. താരതമ്യേന ചെറിയ പാലമാണ് ഇത്. അറ്റകുറ്റ പണികള്‍ പൂർത്തിയായി പരിശോധനയ്ക്ക് ശേഷം മാത്രമേ പാലത്തിലൂടെ ഗതാഗതം സാധാരണ നിലയിലാകൂ. നിലവില്‍ പാലത്തിലൂടെ ഒറ്റവരി ഗതാഗതമാണ് ക്രമീകരിച്ചിരിക്കുന്നത്. മാധ്യമ വാർത്തകള്‍ക്ക് പിന്നാലെ പാലത്തില്‍ അടിയന്തര പരിശോധനക്ക് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ഉത്തരവിട്ടിരുന്നു. കണ്ടെയ്നർ റോഡ് ദേശീയ പാതയില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാൻ കോണ്‍ഗ്രസ് പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.