കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരം അവസാനിച്ചു. പ്രവര്‍ത്തകരെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ജാമ്യം ലഭിച്ചതോടെയാണ് കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചത്. രാത്രി 7.30 ന് തുടങ്ങിയ പ്രതിഷേധം വെളുപ്പിനെ 2 മണി വരെ നീണ്ടു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എം.എല്‍.എമാരായ ഉമാ തോമസ്, ഡി.ജെ വിനോദ്, അൻവര്‍ സാദത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും മുഖ്യമന്ത്രിപിണറായി വിജയന്‍റെ കോലം കത്തിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ വിട്ടു കിട്ടാതെ സമരം അവസാനിപ്പിക്കില്ല എന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെയാണ് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അര്‍ധരാത്രി മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചത്. ജാമ്യം നേടിയ പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. പൊലീസിനും സര്‍ക്കാരിനും നേരെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. ഇന്ന് നടക്കുന്ന നവ കേരള സദസ് ഒടുക്കത്തെ യാത്രയാക്കുമെന്നും യാത്രയ്ക്ക് കോണ്‍ഗ്രസ് അന്ത്യകൂദാശ ചെല്ലുമെന്നും ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.