കൊച്ചി : കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പിടിയിൽ. ഇന്നലെ രാത്രി എറണാകുളം നോർത്ത് പൊലീസാണ് പിടികൂടിയത്. മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നാളേറെയായി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ജനങ്ങളെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയായിരുന്നു മരിയാർ പൂതം. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തുന്നത്. അതിന് പിന്നിൽ ഒരു കാരണവുമുണ്ട്.
ആറ് വർഷം മുൻപ് മോഷണത്തിനിടെ മരിയാർ പൂതത്തെ നോർത്ത് പൊലീസ് പിടികൂടിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും രക്ഷപ്പെടുന്നതിനിടെ ഇയാൾ പിടിയിലാകുകയുമായിരുന്നു. അന്ന് നോർത്ത് പൊലീസിന് ഇയാൾ ഒരു താക്കീത് നൽകി. ഇത് പിന്നീട് നിങ്ങൾക്ക് പ്രശ്‌നമാകുമെന്നായിരുന്നു ആ താക്കീത്. രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ മരിയാർ പൂതം നേരെ എത്തിയത് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിലേക്കാണ്. പ്രദേശത്ത് ഇയാൾ മോഷണം പതിവാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറച്ചു നാളുകളായി ഇയാൾക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. നാട്ടുകാരും ഇയാൾക്കായി രംഗത്തുണ്ടായിരുന്നു. കൺമുന്നിൽ കാണുമെങ്കിലും രക്ഷപ്പെട്ടുകളയുമെന്ന് നാട്ടുകാർ പറയുന്നു. മതിലിൽ കൂടി രണ്ട് വിരലിൽ ഓടാനുള്ള കഴിവ് മരിയാർ പൂതത്തിനുണ്ട്. ഓടി രക്ഷപ്പെടാനുള്ള എളുപ്പത്തിന് ചെരുപ്പ് ഉപയോഗിക്കാറില്ല. ആളുകളെ വെട്ടിച്ച് രക്ഷപ്പെടും. റെയിൽവേ ട്രാക്കിലൂടെ അതിവേഗത്തിലാണ് ഇയാൾ ഓടി മറയുന്നതെന്നും നാട്ടുകാർ പറയുന്നു. മരിയാർ പൂതത്തെ പിടിക്കാൻ വാട്‌സ്ആപ്പിൽ ഒരു ഗ്രൂപ്പു തന്നെ ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. നീണ്ട തെരച്ചിലുകൾക്കൊടുവിലാണ് മരിയാർ പൂതം പൊലീസ് കെണിയിൽ വീണത്.