കൊച്ചി : കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഫ്രഞ്ച് കമ്ബനിയുമായുള്ള വാട്ടർ അതോറിറ്റി കരാർ അന്തിമ ഘട്ടത്തിലേക്ക്. സർക്കാർ വിഹിതത്തിനൊപ്പം എ.ഡി.ബി വായ്പയിലുള്ള വൻകിട പദ്ധതിക്ക് 21 ശതമാനം അധിക തുകയോടെ സംസ്ഥാനതല എംപവേർഡ് കമ്മിറ്റി അനുമതി നല്‍കി. നിലവിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റി മുഴുവൻ സമയ ജലവിതരണം ലക്ഷ്യമിടുമ്പോള്‍ വിലയിലും പൊതുവിതരണത്തിലും സംഭവിക്കുന്ന മാറ്റത്തില്‍ ആണ് ആശങ്ക. കടലും കായലും പരന്നൊഴുകുന്ന കൊച്ചിയ്ക്ക് കുടിവെള്ളം എത്തണമെങ്കില്‍ ആലുവയില്‍ നിന്ന് പെരിയാറും, പാഴൂരില്‍ നിന്ന് മൂവാറ്റുപുഴയാറും പൈപ്പിലൂടെ ഒഴുകി എത്തണം. പ്രധാന പൈപ്പില്‍ നിന്ന് കിലോമീറ്ററുകള്‍ തലങ്ങും വിലങ്ങും ചെറുതും വലുതുമായ ഭൂഗർഭ പൈപ്പിലൂടെ വീടുകളിലേക്ക്. ചുമതല വാട്ടർ അതോറിറ്റിക്ക്. എന്നാല്‍ ഈ പണി ഇനി ഫ്രഞ്ച് കമ്ബനിയായ സോയൂസ് പ്രൊജക്‌ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയ്യട്ടെ എന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
കേന്ദ്ര സർക്കാരിന്‍റെ പുതിയ ജലനയത്തിന്‍റെ ചുവട് പിടിച്ചാണ് തീരുമാനം. നിലവിലെ ലീക്കേജ് കുറച്ച് ശുദ്ധമായ ജലവിതരണം ലക്ഷ്യമെന്ന് പ്രഖ്യാപനം. എഡിബി വായ്പയില്‍ 2511 കോടി രൂപ ആകെ ചെലവ്. ഇതില്‍ 750 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതം. എന്നാല്‍ എസ്റ്റിമേറ്റിനേക്കാള്‍ 21ശതമാനം അധികം നല്‍കി ഈ കമ്ബനിക്ക് കരാർ നല്‍കാനാണ് ഏറ്റവും പുതിയ തീരുമാനം. ജലവിഭവ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സമിതിയുടെ ഈ ശുപാർശ മന്ത്രിസഭ അനുമതി കൂടിയായാല്‍ അന്തിമമാകും. പദ്ധതി വരുമ്ബോള്‍ ചോദ്യങ്ങളുമുണ്ട്. ബില്ലിംഗ് ആര് നിശ്ചയിക്കും? എത്ര കൂടും? മാനദണ്ഡമെന്ത്? വരുമാനവർധനവ് കൂടി ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ബിപിഎല്‍ കണക്ഷനുകള്‍ക്കും പൊതുടാപ്പുകള്‍ക്കും നയം രണ്ടാംതരമാകുമോ? നിലവിലെ പമ്ബ് ഹൗസുകള്‍ മുതല്‍ പൈപ്പുകള്‍ വരെ അടിമുടി മാറ്റണം. പുതിയ വാട്ടർ മീറ്റർ കൂടിയാകുമ്ബോള്‍ ചെലവ് സാധാരണക്കാരന്‍റെ തലയിലാകുമോ? നഗരത്തിലെ പൈപ്പുകള്‍ മാറ്റാൻ വിവിധ സർക്കാർ വകുപ്പുകളുടെ അനുമതി വേണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പദ്ധതിയില്‍ ഇങ്ങനെ കാലതാമസം നേരിട്ടാല്‍ ആര് ഉത്തരവാദിയാകും? കോടതി വിദേശത്താകുമോ? ഇതിനെല്ലാം വാട്ടർ അതോറിറ്റിയിലെ ഭരണാനുകൂല സർവ്വീസ് സംഘടനകള്‍ പോലും മറുപടി തേടിയിട്ടും രക്ഷയില്ല. ഏഴ് വർഷം ആണ് പദ്ധതി കൊച്ചി നഗരത്തില്‍ പൂർത്തിയാക്കാനുള്ള സമയം. തുടർന്നുള്ള മൂന്ന് വർഷം പരിപാലന ചിലവ് സംസ്ഥാന സർക്കാർ വഹിക്കണം. ഡീറ്റെയില്‍ഡ് പ്രൊജക്‌ട് റിപ്പോർട്ട് മുതല്‍ അവിശ്വാസം ഉയരുമ്ബോള്‍ പദ്ധതി സുതാര്യമാകുമോ? സംസ്ഥാന പദ്ധതിക്ക് പുറമെ കോടികള്‍ മുടക്കിയുള്ള അമൃത്, ജല്‍ ജീവൻ മിഷൻ പദ്ധതികളും തുടരുന്നതിനിടെയാണ് പിന്നെയും പിന്നെയും കോടികള്‍ മുടക്കി മറ്റൊരു പുതിയ പദ്ധതി. എത്ര എതിർപ്പിലും പദ്ധതി മുന്നോട്ടെന്ന് സർക്കാർ പ്രഖ്യാപിക്കുമ്ബോള്‍ കമ്മീഷൻ നേട്ടം ആണോ ലക്ഷ്യം എന്ന ചോദ്യം ഉയർത്തി കൊച്ചിയിലെ കുടിവെള്ള സംരക്ഷണ സമിതികളും പ്രതിഷേധത്തിലാണ്.