തൃശൂർ :
കൊടകര ബിജെപി കുഴല്‍പ്പണ കവര്‍ച്ചാകേസില്‍ ഒരു പ്രതി കൂടി പിടിയിലായി.കേസിലെ പത്താം പ്രതി വെള്ളാങ്ങല്ലൂര്‍ വടക്കുംകര വേലംപ്പറമ്പില് അബ്ദുള്‍ ഷാഹിദിന്റെ ഭാര്യ ജിന്‍ഷ (22) യാണ് ചൊവ്വാഴ്ച പിടിയിലായത്.ഇവരിൽ നിന്നും എട്ടരലക്ഷം രൂപയും കണ്ടെടുത്തു. ഇതോടെ കേസില്‍ 22 പ്രതികള്‍ അറസ്റ്റിലായി. കവര്‍ച്ചാ പണത്തില്‍ പത്തുലക്ഷം രൂപ ഷാഹിദിന് ലഭിച്ചിരുന്നു. എന്നാല്‍ പൊലീസിന് പണം കണ്ടെത്താനായിരുന്നില്ല. പല തവണ ഷാഹിദിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മൊഴി. എന്നാല്‍ അടുത്തിടെ ഏഴ് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇതേതുടര്‍ന്നാണ് ജിന്‍ഷ അറസ്റ്റിലായത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒന്നരലക്ഷവും കണ്ടെടുത്തു.
സ്വര്‍ണവും വാങ്ങിയതായി വിവരം ലഭിച്ചു. പ്രത്യേക അന്വേഷക സംഘം മേധാവി എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതിനകം പ്രതികളില്‍ നിന്ന് 1.40 കോടിയും സ്വര്‍ണവും പണമിടപാട് രേഖകളും കണ്ടെടുത്തിരുന്നു.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ 4.40നാണ് കൊടകരയില്‍ മൂന്നരകോടി കവര്‍ച്ച ചെയ്യപ്പെട്ടത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി കര്‍ണാടകയില്‍നിന്നും ഇറക്കിയ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഉള്‍പ്പടെയുള്ള ഉന്നത നേതാക്കളുടെ അറിവോടെയാണ് കുഴല്‍പ്പണം ഇറക്കിയത്. കേസില്‍ തുടരന്വേഷണം പുരോഗമിക്കുകയാണ്