കോട്ടയം: കോടിമത നാലുവരിപ്പാതയില്‍ സൈ്വര്യ വിഹാരം നടത്തുന്ന നാല്ക്കാലികള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നാലുവരിപ്പാതയുടെ മധ്യത്തിലെ ഡിവൈഡറില്‍ നാട്ടുകാരില്‍ ചിലര്‍ മേയാന്‍ വിട്ടിരിക്കുന്ന പശുക്കളാണ് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. പ്രദേശത്തെ വീട്ടുകാര്‍ പുലര്‍ച്ചെ തന്നെ പലപ്പോഴും ഈ പശുക്കളെ നാലുവരിപ്പാതയിലേക്ക് അഴിച്ചുവിടാറുണ്ട്. ഇത്തരത്തില്‍ അഴിച്ചുവിടുന്ന പശുക്കളാണ് ഡിവൈഡറില്‍ കയറിനിന്ന് പുല്ല് മേയുന്നത്. പശുക്കള്‍ പുല്ല് മേഞ്ഞതിന് ശേഷം റോഡിന് നടുവിലേക്ക് പലപ്പോഴും ഇറങ്ങാറുണ്ട്. ഇത്തരത്തില്‍ ഇറങ്ങുന്നത് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായാണ് പരാതി.
നാലുവരിപ്പാതയില്‍ അമിതവേഗത്തിലാണ് പലപ്പോഴു വാഹനങ്ങള്‍ പോകുന്നത്. അമിതവേഗം പിടികൂടാന്‍ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ക്യാമറയുടെ പ്രവര്‍ത്തനത്തെ പോലും വകവയ്ക്കാതെയാണ് പലപ്പോഴും വാഹനങ്ങള്‍ പായുന്നത്. ഈ യാത്രക്കിടെയാണ് പശുക്കള്‍ കൂടി റോഡിന് നടുവിലേക്കിറങ്ങുന്നത്. ഇത് ഗുരുതരമായ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം. നാലുവരിപ്പാതയിലെ ഡിവൈഡറില്‍ ഒരാള്‍ പൊക്കത്തിലാണ് പുല്ലും ചെടികളും വളര്‍ന്ന് നില്‍ക്കുന്നത്. ഇത്തരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ വാഹനയാത്രക്കാരുടെ കാഴ്ച മറക്കുന്നതായും പരാതിയുണ്ട്. ഈ പുല്ല് തിന്നാനായാണ് ക്ഷീര കര്‍ഷകരില്‍ പലരും ഇവിടെ എത്തിക്കുന്നത്. പശുക്കളുടെ ജീവനും യാത്രക്കാരുടെ ജീവനും ഒരുപോലെ ഭീഷണിയാകുകയാണ് ഇത്തരത്തിലുള്ള അശ്രദ്ധമായ ഇടപെടലുകള്‍. അടിയന്തിരമായി പൊലീസും നഗരസഭാ അധികൃതരും പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.