ബാംഗ്ലൂർ : ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ടോപ് 20 ലിസ്റ്റില്‍ നിന്ന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്ലി പുറത്തായി. 2014 ഡിസംബറിന് ശേഷം ആദ്യമായാണ് കോഹ്ലി 20 സ്ഥാനങ്ങളില്‍ നിന്ന് താഴെ പോകുന്നത്. ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങില്‍ എട്ട് സ്ഥാനങ്ങള്‍ നഷ്ടമായി 22-ാമതാണ് കോഹ്ലി ഇപ്പോള്‍.ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് കോഹ്ലിക്ക് തിരിച്ചടിയായത്.
ന്യൂസിലാന്‍ഡിനെതിരെ ആറ് ഇന്നിങ്സുകളില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രം നേടിയപ്പോള്‍ നാല് തവണ രണ്ടക്കം കാണാതെ പുറത്തായി.അതേസമയം റാങ്കിങ്ങില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേയ്ക്കാണ് പന്ത് മുന്നേറിയത്. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതാണ് പന്തിന് തുണയായത്. പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലും അര്‍ധ സെഞ്ച്വറി നേടാന്‍ പന്തിന് സാധിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലാമതുള്ള യശസ്വി ജയ്സ്വാളാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. മുംബൈ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 16-ാം സ്ഥാനത്ത് എത്തി.ടെസ്റ്റ് റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. കെയ്ന്‍ വില്യംസണ്, ഹാരി ബ്രൂക്ക്, യശസ്വി ജയ്സ്വാള്‍, സ്റ്റീവ് സ്മിത്ത് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 26-ാം സ്ഥാനത്താണ്. ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജ ആറാം സ്ഥാനത്താണ്.