മുംബൈ: പോയിന്റ് പട്ടികയുടെ അടിത്തട്ടിയിൽ നിന്നും കൊൽക്കത്തയുടെ രാത്രിയിലേയ്ക്ക് ത്രിപാതിയെന്ന സൂര്യൻ ഹൈദരാബാദിനു വേണ്ടി ഉദിച്ചുയരുകയായിരുന്നു. അതിവേഗ അര സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച ത്രിപാദിയ്ക്കു മറുപടി നൽകാൻ കൊൽക്കത്തയുടെ രാത്രിയുടെ ഇരുട്ടിന് ശക്തിയുണ്ടായിരുന്നില്ല. കൊൽക്കത്ത ബൗളിംങ് നിരയ്ക്കു മേൽ, അതി ശക്തമായ പ്രഭാവലയം തീർത്തെത്തിയ ത്രിപാദിയുടെ തീയണച്ചെങ്കിലും പക്ഷേ, കളി കൊൽക്കത്ത കൈവിട്ട് കഴിഞ്ഞിരുന്നു. ഇനിയൊരു ആളിക്കത്തലിനു ശേഷിയില്ലാതെ യുദ്ധഭൂമിയിൽ ആയുധമില്ലാതെ നിന്ന കൊൽക്കത്ത ബൗളർമാർക്ക് മുന്നിൽ രണ്ടോവർ ബാക്കി നിൽക്കെ ഹൈദരാബാദിന്റെ വിജയസൂര്യനുദിച്ചു. പോയിന്റ് പട്ടികയിൽ നിന്നും ഹൈദരബാദ് മുന്നോട്ട് കുതിച്ചപ്പോൾ, കൊൽക്കത്തയ്ക്കത് പടിയിറക്കമായി.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് മസിലളിയൻ റസലിന്റെ 25 പന്തിലെ നാലു വീതം സിക്സും ഫോറുമുള്ള 49 എന്ന റൺസും, നീതീഷ് റാണയുടെ വെട്ടിക്കെട്ടിൽ പിറന്ന 54 എന്ന സ്കോറുമുണ്ടായിരുന്നു മാന്യമായ റൺമല ഉയർത്താൻ. അവസാന ഓവറിലെ അവസാന രണ്ടു പന്തുകൾ സിക്സറിനും ഒരു പന്ത് ഫോറിനും പറത്തിയ റസൽ നൽകിയ ആവേശമായിരുന്നു ബൗളിംങിനിറങ്ങുമ്പോൽ കൊൽക്കത്തക്കരുത്ത്… രാഹുൽ ത്രിപാദി എത്തുംവരെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നു റണ്ണിൽ അഭിഷേക് ശർമ്മയും, 39 ൽ കെയിൻ വില്യംസണും വീണതോടെ ഹൈദരാബാദിന്റെ സൂര്യന് മേൽകൊൽക്കത്തയുടെ രാത്രിയുടെ ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. തുടർച്ചയായ രണ്ടു വിജയത്തിന് ശേഷം സൂര്യന്റെ അസ്തമയത്തിലേയ്ക്കാണ് കാര്യങ്ങളെന്നു പോലും ആരാധർ ചിന്തിച്ച് തുടങ്ങി. ഇവിടേയ്ക്കാണ് ആത്മവിശ്വാസത്തിന്റെ അഹങ്കാര നൃത്തവുമായി രാഹുൽ തൃപാദി നടന്നടുക്കുന്നത്. ആറു തവണ ബൗണ്ടറിയ്ക്കു മുകളിലൂടെയും നാലു തവണ പുൽമൈതാനത്തെ ചുംബിച്ചും പന്ത് അതിർത്തിവലയ്ക്കപ്പുറത്തെത്തിയപ്പോൾ 21 പന്തിലാണ് തൃപാദി അരസെഞ്ച്വറി കടന്നത്.
37 പന്തിൽ 71 റണ്ണുമായി തൃപാദി വെങ്കിടേഷ് അയ്യർക്ക് റെസലിന്റെ പന്തിൽ ക്യാച്ച് നൽകി മടങ്ങുമ്പോൾ, ഹൈദരാബാദിന്റെ വിജയസൂര്യൻ ഉദിച്ച് തുടങ്ങിയിരുന്നു. തൃപാദിയുടെ മടക്കത്തിന് പിന്നാലെ സൂര്യതേജസോടെ മക്രം കത്തിക്കയറിയപ്പോൾ 36 പന്തിൽ 68 റണ്ണോടെ അവസാന രണ്ടു സിക്സറുകൾ പറത്തി ടീമിനെ വിജയിത്തിലേയ്ക്കും നയിച്ചു മക്രം. ഈ തോൽവിയോടെ ആറു കളികളിൽ നിന്നും മൂന്നു വീതം വിജയവും തോൽവിയുമായി കൊൽക്കത്ത ആറു പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്കു വീണു. ആദ്യ രണ്ടു കളികളും പരാജയപ്പെട്ട് അവസാന സ്ഥാനത്ത് നിന്ന ഹൈദരാബാദ് തുടർമൂന്നു വിജയങ്ങളും വിലപ്പെട്ട ആറു പോയിന്റുമായി ഏഴാം സ്ഥാനത്തേയ്ക്ക് ഉയർന്നു.