മഴ കളിച്ചിട്ടും ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് രക്ഷയില്ല; ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച; കോഹ്‌ലിയും സർഫാസ് ഖാനും രാഹുലും ജഡേജയും പൂജ്യത്തിന് പുറത്ത്; ഇന്ത്യയ്ക്ക് ആറു വിക്കറ്റ് നഷ്ടം

ബംഗളൂരു: ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റിൽ മഴ കളിച്ചിട്ടും ഇന്ത്യയ്ക്ക് രക്ഷയില്ല. ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച. കോഹ്ലിയും, സർഫാസും, രാഹുലും ജഡേജയും പൂജ്യത്തിന് പുറത്തായ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് നഷ്ടം. 23 ഓവറിൽ 34 റണ്ണെടുക്കുന്നതിനിടെയാണ് മുൻ നിരയിലെ ആറു ബാറ്റർമാരെ ഇന്ത്യയ്ക്ക് നഷ്ടമായത്. രാവിലെ കളി തുടങ്ങിയപ്പോൾ തന്നെ ഇന്ത്യ തകർന്നു തുടങ്ങി. ഒൻപത് റണ്ണെത്തിയപ്പോൾ സ്റ്റാർ ബാറ്റർമാരായ രോഹിത് ശർമ്മയും (2), കോഹ്ലിയും (0) പുറത്തായി. പ്രതീക്ഷ നൽകി കളത്തിലിറങ്ങിയ സർഫാസ് ഖാൻ(0) ഒരു റൺ കൂടി ബോർഡിൽ എത്തിയപ്പോൾ വീണു. പിന്നീട് പന്തും , ജയ്‌സ്വാളും ചേർന്നു കളിയിൽ ഇന്ത്യയെ തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചു. എന്നാൽ, 31 റൺ വരെ പ്രതിരോധിച്ച് നിന്ന ജയ്‌സ്വാളിന്റെ പ്രതിരോധം തകർന്നു. പതിവ് ആക്രമണം വിട്ട് അമിത പ്രതിരോധത്തിലേയ്ക്ക് നീങ്ങിയ ജയ്‌സ്വാൾ 63 പന്തിൽ നിന്നും 13 റണ്ണെടുത്താണ് പുറത്തായത്. ജയ്‌സ്വാൾ പുറത്തായതിന് പിന്നാലെ എത്തിയ രാഹുൽ ആറു പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി. 33 ൽ രാഹുലും , ആറു പന്ത് കൂടി അധികം നേരിട്ട് ഒരു റൺ മാത്രം സ്‌കോർ ബോർഡിൽ കയറിയപ്പോൾ ജഡേജയും (0) പുറത്ത്. ലഞ്ചിനു പിരിയുമ്പോൾ 23 ഓവറിൽ 34 റണ്ണിന് ഇന്ത്യയുടെ ആറു വിക്കറ്റുകൾ വീണിട്ടുണ്ട്. വില്യം റൂർക്കി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ, മാറ്റ് ഹെൻട്രി രണ്ടും ടിം സൗത്തി ഒരു വിക്കറ്റും പിഴുതു.

Advertisements

Hot Topics

Related Articles