കൊല്‍ക്കത്ത: ഗൗതം ഗംഭീര്‍ ഇന്ത്യൻ പരിശീലകനായി പോയതോടെ അടുത്ത ഐപിഎല്‍ സീസണില്‍ കോച്ചിംഗ് സ്റ്റാഫില്‍ അഴിച്ചുപണിക്ക് ഒരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മെന്ററായിരുന്ന ഗൗതം ഗംഭീറിന് പകരം രാഹുല്‍ ദ്രാവിഡിനെ കൊല്‍ക്കത്ത മെന്ററായി പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദ്രാവിഡിനെ അല്ല ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം ജാക് കാലിസിനെയാകും കൊല്‍ക്കത്ത അടുത്ത സീസണില്‍ ടീമിന്റെ മെന്ററാക്കുകയെന്ന് ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ടീമിന്റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റ് തുടരുമെങ്കിലും ഗംഭീറിന്റെ സ്ഥാനത്തേക്ക് മുന്‍ താരവും പരിശീലകനുമായിരുന്ന കാലിസിനെപ്പോലൊരു താരത്തെ കൊണ്ടുവരാനാണ് കൊല്‍ക്കത്തയുടെ തിരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത ഐപിഎല്‍ കീരിടം നേടിയ 2012ലും 2014ലും കൊല്‍ക്കത്ത ടീം അംഗമായിരുന്നു കാലിസ്. 2014ല്‍ വിരമിച്ചശേഷം കൊല്‍ക്കത്തയുടെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായും 2015 മുതല്‍ 2019വരെ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനുമായിരുന്നു കാലിസ്. പിന്നീട് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് പരിശീലകനായി കാലിസ് ചുമതലയേറ്റു. കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായര്‍ ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായി ഗംഭീറിനൊപ്പം ചേരുമെന്ന് ഉറപ്പായതോടെ അടുത്ത ഐപിഎല്‍ സീസണ് മുമ്പ് പുതിയ ബാറ്റിംഗ് പരിശീലകനെയും കൊല്‍ക്കത്ത കണ്ടെത്തേണ്ടിവരും. ലഖ്നൗ മെന്ററായിരുന്ന ഗംഭീര്‍ കഴിഞ്ഞ സീസണിലാണ് കൊല്‍ക്കത്ത മെന്ററായി തിരിച്ചെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ സീസണില്‍ തന്നെ കൊല്‍ക്കത്തയെ ചാമ്ബ്യൻമാരാക്കിയ ഗംഭീറിനോട് അടുത്ത 10 വര്‍ഷത്തേക്കെങ്കിലും ടീമിനോടൊപ്പം തുടരണമെന്ന് ടീം ഉടമ ഷാരൂഖ് ഖാന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യൻ പരിശീലകനാവാനുള്ള വാഗ്ദാനം ലഭിച്ചതോടെ ഗംഭീര്‍ കൊല്‍ക്കത്തയുടെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ മാസം അവസാനം തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തിലാവും ഗംഭീര്‍ ചുമതലയേറ്റെടുക്കുക.