മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്ളേ ഓഫ് പ്രതീക്ഷകൾ ഏറെ വിദൂരത്താക്കി 24 റണ്ണിംഗ് തോൽവിയുമായി മുംബൈ ഒമ്പതാം സ്ഥാനത്ത്. രണ്ടാം സ്ഥാനക്കാരായ കൊൽക്കത്തക്കെതിരെയാണ് മുംബൈയുടെ ദയനീയ തോൽവി. സ്വന്തം മൈതാനത്തെ കൊൽക്കത്തയെ ദുർബലമായ സ്കോറിലൊതുക്കിയിട്ടും, അതു ചേസ് ചെയ്തെടുക്കാൻ മുംബൈയുടെ പേരുകേട്ട ബാറ്റിംങ് നിരയ്ക്ക് ആയില്ല.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊൽക്കത്ത : 169/10
മുംബൈ : 145/ 10
169 റണ്‍സ് നേടിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഓള്‍ഔട്ടാവുകയായിരുന്നു. നുവാൻ തുഷാരയുടെയും ജസ്പ്രീത് ബുമ്രയുടെയും ബൗളിംഗാണ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. വെങ്കടേഷ് അയ്യർ (70), മനീഷ് പാണ്ഡേ (42)യും നടത്തിയ ചെറുത്ത് നില്‍പ്പാണ് ശ്രേയസ് അയ്യർക്കും സംഘത്തിനും ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയെ വിറപ്പിച്ചു കൊണ്ടാണ് മുംബൈ ബൗളർമാർ തുടങ്ങിയത്. ഇന്നിംഗ്‌സിന്റെ നാലാം പന്തില്‍ ഫില്‍ സാള്‍ട്ടിനെ(5) പുറത്താക്കി നുവാൻ തുഷാര കൊല്‍ക്കത്തയെ വിറപ്പിച്ചു. പിന്നാലെ ഇംപാക്‌ട് പ്ലേയറായി ക്രീസിലെത്തിയ അംഗ്രിഷ് രഘുവൻഷി(13)യെയും നായകൻ ശ്രേയസ് അയ്യരെയും(6) മടക്കി റണ്‍മല പടുത്തുയർത്താനുള്ള കെകെആറിന്റെ ശ്രമത്തെ തുഷാര തകർത്തു. വമ്ബനടികാരൻ സുനില്‍ നരെയ്‌നെയും(8) ടീമിന് ഉടൻ നഷ്ടമായി. ഏഴ് ഓവർ പൂർത്തിയാകും മുമ്ബ് തന്നെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ കൊല്‍ക്കത്ത തകർന്നു.
ആറാം വിക്കറ്റില്‍ വെങ്കടേഷ് അയ്യർ- മനീഷ് പാണ്ഡേ സഖ്യം നടത്തിയ ചെറുത്ത് നില്‍പ്പാണ് കൊല്‍ക്കത്തയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് 83 റണ്‍സാണ് ഇന്നിംഗ്‌സിലേക്ക് കൂട്ടിച്ചേർത്തത്. മനീഷിനെ പുറത്താക്കി അപകടകരമായ ഈ കൂട്ടുകെട്ട് പൊളിച്ചത് ഹാർദിക് പാണ്ഡ്യയാണ്. പിന്നീടെത്തിയ ആന്ദ്രെ റസ്സല്‍ ( 7), രമണ്‍ദീപ് സിംഗ് (2), മിച്ചല്‍ സ്റ്റാർക് (0) എന്നിവർക്കാർക്കും തിളങ്ങാനായില്ല. പത്താമനായി പുറത്തായ വെങ്കടേഷ് അയ്യരാണ് ടീം സ്‌കോർ 160 കടത്തിയത്.
മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുമ്ര, നുവാൻ തുഷാര എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ഹാർദിക് പാണ്ഡ്യ രണ്ടും പീയുഷ് ചൗള ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു. ഒരോവർ പിന്നിടുമ്ബോള്‍ 16 റണ്‍സ് എന്ന നിലയിൽ നിൽക്കെ 13 റണ്‍സെടുത്ത ഓപ്പണർ ഇഷാൻ കിഷന്റെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായി. മിച്ചല്‍ സ്റ്റാർക്കിനായിരുന്നു താരത്തിന്റെ വിക്കറ്റ്. പിന്നാലെ , കളി മുന്നോട്ടു നയിച്ച നമാൻ ധറിൻ്റെ (11) വിക്കറ്റ് വീണു. എങ്കിലും സൂര്യകുമാർ യാദവ് കളത്തിലിറങ്ങാൻ ഉണ്ടെന്ന ആശ്വാസത്തിൽ ആയിരുന്നു മുംബൈ ആരാധകർ. സൂര്യ കളത്തിൽ എത്തിയെങ്കിലും , തൊട്ടു പിന്നാലെ രോഹിത് ശർമ (11) മടങ്ങിയത് മുംബൈയ്ക്ക് തിരിച്ചടിയായി. തിലക് വർമ്മയും (4) നേഹാൽ വദ്രയും (6) ഹാർദിക് പാണ്ഡ്യയും (1) വന്നപോലെ തന്നെ മടങ്ങിയതോടെ മുംബൈ തോൽവി മണത്തു. അപ്പോഴും സൂര്യയെ തന്നെയാണ് മുംബൈ ആരാധകർ കാത്തിരുന്നത്. 120 ൽ സൂര്യ (56) വീണതോടെ മുംബൈ ഏതാണ്ട് കീഴടങ്ങി. പിന്നാലെ , ടിം ഡേവിഡ് (24) ഒന്നു പൊരുതി നോക്കിയെങ്കിലും വിജയം കൊണ്ടുവരാൻ മാത്രം കരുത്ത് ആ ബാറ്റിൽ ഉണ്ടായിരുന്നില്ല. കോട്സെയും (8) , ചൗളയും (0 ) , ഡേവിഡിന് പിന്നാലെ വീണതോടെ മുംബൈ തോൽവി ഉറപ്പിച്ചു. മിച്ചൽ സ്റ്റാർക്ക് നാലും, വരുൺ ചക്രവർത്തിയും ആന്ദ്രേ റസലും സുനിൽ നരേനും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.