കൊൽക്കത്ത : കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിർത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരുവിമാനം ഉരസി. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അപകടത്തില്‍നിന്ന് നൂറുകണക്കിന് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചെന്നൈയിലേക്ക് പുറപ്പെടാനായി റണ്‍വേ ക്ലിയറൻസിനു കാത്തുനിന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍, ബിഹാറിലെ ദർഭംഗയിലേക്കു പുറപ്പെടാനിരുന്ന 6E 6152 നമ്പർ ഇൻഡിഗോ വിമാനം ഉരസുകയായിരുന്നു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചിറകില്‍ ഇൻഡിഗോ വിമാനത്തിന്റെ ചിറക് തട്ടിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചിറക് റണ്‍വേയില്‍ പൊട്ടിവീണു.
ഇൻഡിഗോ വിമാനത്തിനും കേടുപാടുണ്ടായി. എയർ ഇന്ത്യാ വിമാനത്തില്‍ 169 യാത്രക്കാരും ഇൻഡിഗോ വിമാനത്തില്‍ 135 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ആർക്കും പരിക്കില്ല. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) വക്താവ് അറിയിച്ചു. ഇൻഡിഗോ വിമാനത്തിലെ രണ്ടു പൈലറ്റുമാരേയും ഡ്യൂട്ടിയില്‍നിന്ന് ഡിജിസിഎ നീക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റണ്‍വേയിലെ ജീവനക്കാരേയും ചോദ്യംചെയ്യുമെന്ന് ഡിജിസിഎ വ്യക്തമാക്കി.