കൊല്ലാട് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് വീട്ടമ്മ ഇരയായെന്ന പരാതിയിൽ അടിമുടി ദുരൂഹത; അക്രമികൾ മുളകുപൊടി പൊതിഞ്ഞുകൊണ്ടു വന്ന മലയാള മനോരമ പത്രം കീറിയെടുത്തത് വീടിനുള്ളിൽ നിന്നും; സംഭവ സമയത്ത് ക്യാമറാ പ്രവർത്തിച്ചിരുന്നില്ലെന്നതും ദുരൂഹത; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: കൊല്ലാട് പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയുടെ തലയിലൂടെ ഷോൾ ചുറ്റിയ ശേഷം മുളകുപൊടിയും, അരിപ്പൊടിയും തലയിലൂടെ എറിഞ്ഞ സംഭവത്തിൽ അടിമുടി ദുരൂഹത. കൊല്ലാട് ബോട്ട് ജെട്ടി സ്വദേശിയായ വീട്ടമ്മയാണ് തനിക്ക് നേരെ നാലു പേർ അടങ്ങുന്ന അജ്ഞാത സംഘം ആക്രമണം നടത്തിയതായി മൊഴി നൽകിയിരിക്കുന്നത്. വീട്ടിൽ നിന്നും മോഷണമോ, മറ്റേതെങ്കിലും സാധനങ്ങൾ നഷ്ടമാകുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ അക്രമികളുടെ ലക്ഷ്യം അടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അടിമുടി സംശയത്തിലാണ്.

Advertisements

വെള്ളിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു വീട്ടമ്മയുടെ മൊഴി അനുസരിച്ചുള്ള സംഭവങ്ങൾ ഉണ്ടായത്. അടുക്കളയിൽ നിന്നും മാലിന്യം കളയുന്നതിനായി പുറത്തേയ്ക്കിറങ്ങിയ ഇവരുടെ തലയിലൂടെ ഷോളും വലപോലെ ഒരു വസ്തുവും ഇട്ട് മൂടിയ തലയിലൂടെ മുളക് പൊടിയും, അരിപ്പൊടിയും എറിഞ്ഞതായാണ് പറയുന്നത്. ശരീരമാസകലം ഈ പൊടിവീണതിനെ തുടർന്ന് ചൊറിഞ്ഞതായും ഇവർ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും സമാന രീതിയിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതായി വീട്ടമ്മയും, ഭർത്താവും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഇവരുടെ മൊഴിയിലെ പല വിവരങ്ങളും തെറ്റാണെന്നാണ് വിശദമായ അന്വേഷണത്തിൽ ജാഗ്രതാ ന്യൂസ് ലൈവിന് വ്യക്തമായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ തലയിലേയ്ക്ക് ഇടാൻ കൊണ്ടു വന്ന മുളകുപൊടി പൊതിഞ്ഞുകൊണ്ടു വന്നത് ജൂൺ ഏഴിലെ മലയാള മനോരമ പത്രത്തിൽ നിന്നും കീറിയെടുത്ത ഒരു കടലാസ് കഷണത്തിലാണ്. എന്നാൽ, ഈ കടലാസ് കഷണത്തിന്റെ ബാക്കിയുള്ള പത്രഭാഗം ആക്രമണത്തിന് ഇരയായ വീട്ടമ്മയുടെ വീടിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. പ്രതികൾ വീടിനുള്ളിലേയ്ക്കു കയറിയിട്ടേയില്ലെന്നാണ് വീട്ടമ്മയും ഭർത്താവും പറയുന്നത്. ഈ സാഹചര്യത്തിൽ എങ്ങിനെയാണ് ഈ പത്രക്കടലാസ് വീടിനുള്ളിൽ നിന്നും കണ്ടെത്തിയതെന്നാണ് സംശയം ഉയരുന്നത്.

ഇത് കൂടാതെ സോളാറും, കെ.എസ്.ഇ.ബിയുടെ വൈദ്യുതിയും ഉള്ള വീടാണ്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി പണിമുടക്കിയാൽ തന്നെ വീട്ടിൽ സോളാർ വൈദ്യുതി പ്രകാശം നൽകും. എന്നാൽ, ഇത് രണ്ടും ഉണ്ടായിട്ടും അക്രമി സംഘം എത്തിയ സമയത്ത് വീട്ടിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്നു വീട്ടമ്മയും ഭർത്താവും മൊഴി നൽകുന്നു. ഇത് ദുരൂഹത ഇരട്ടിയാക്കുന്നു. ഇതു കൂടാതെ നാലു പേർ പിന്നിലെ കാട് പിടിച്ച പ്രദേശത്തു കൂടി വീടിന്റെ അടുക്കള ഭാഗത്ത് എത്തിയതായാണ് വീട്ടമ്മയും ഭർത്താവും പറയുന്നത്. വീട്ടമ്മയെ ആക്രമിച്ച ശേഷം ഇവരുടെ നിലവിളി കേട്ട അക്രമി സംഘം ഇതേ വഴിയിലൂടെ തന്നെ ഓടിരക്ഷപെട്ടതായും മൊഴിയിലുണ്ട്. എന്നാൽ, ഇവർ ഓടിയെന്നു പറയുന്ന വഴിയിൽ ആളനക്കമുണ്ടായതിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മെറ്റൽ ചിപ്‌സ് പാകിയ മിറ്റമായതുകൊണ്ടു തന്നെ അൽപം ബലം പ്രയോഗിച്ച് മുറ്റം വഴി നടന്നാൽ മെറ്റൽ ചിതറി തെറിക്കും. എന്നാൽ, നാലു പേർ ഓടിയെന്ന മൊഴിയുണ്ടെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും വീട്ടിൽ നിന്നും കണ്ടെത്തിയിട്ടില്ല.

ഈ സാഹചര്യത്തിൽ വീട്ടമ്മയുടെ മൊഴിയിൽ അടിമുടിയുള്ള ദുരൂഹത തുടരുകയാണ്. എന്നാൽ, ഇവർ പറഞ്ഞ കഥ വ്യാജമാണെങ്കിൽ എന്തിനാണ് ഇത്തരത്തിൽ ഒരു കഥ മെനഞ്ഞതെന്ന സംശയമാണ് നാട്ടുകാർക്കും പൊലീസിനും ഉള്ളത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.

Hot Topics

Related Articles