കൊല്ലം: കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കാര്‍ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു.അഭിഭാഷകനായ ഷിബുവാണ് കസ്റ്റഡിയില്‍ ഉള്ളത്. കാറിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് വര്‍ക്കല സ്വദേശി ലഞ്ജിത്താണ് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.ആലപ്പുഴയില്‍ പോയി മടങ്ങി വരുംവഴിയാണ് പ്രതി യുവാവിനെ മര്‍ദ്ദിച്ചത്. പ്രതി ലഞ്ജിത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലെ ജീവനക്കാരന് അരുണാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.പണം നല്‍കാതെ ടോള്‍ ബൂത്തിലെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകാനായിരുന്നു കാറിലുള്ളവരുടെ ശ്രമം. ഇത് ചോദ്യം ചെയ്തതോടെ അരുണിനെ കഴുത്തിന് കുത്തിപ്പിടിക്കുകയും പിന്നീട് ഇതേ രീതിയില്‍ അല്പദൂരം കാറിന്റെ ഡോറില്‍ കുത്തിപ്പിടിച്ച് നിര്‍ത്തി വലിച്ചിഴക്കുകയുമായിരുന്നു.ഏതാനും മീറ്ററുകള്‍ പിന്നിട്ടതോടെ യുവാവിനെ കാര്‍ ഡ്രൈവര്‍ റോഡിലേക്ക് തള്ളിയിട്ട് കടന്നുകളയുകയും ചെയ്തു. സംഭവത്തില്‍ അരുണിന്റെ കാലുകളിലും മറ്റും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.