കൊല്ലം: കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു.3 പേര്‍ക്കു പരുക്ക്.കാര്‍ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയില്‍ വീട്ടില്‍ കൃഷ്ണകുമാരി (85), ചെറുമകളുടെ മകള്‍ ജാനകി എന്നിവരാണു മരിച്ചത്. കൃഷ്ണകുമാരിയുടെ മകന് റിട്ട. സബ് റജിസ്ട്രാര്‍ ജയദേവന് (61), ഭാര്യ ഷീബ (54), ഇവരുടെ മകള്‍ കൃഷ്ണഗാഥ (33) എന്നിവര്‍ക്കു സാരമായി പരുക്കേറ്റു.കൃഷ്ണഗാഥയുടെയും ആര്‍ക്കിടെക്ട് ആയ ചാത്തന്നൂര്‍ ചൂരപ്പൊയ്ക ഗംഗോത്രിയില്‍ സുധീഷിന്റെയും ഏക മകളാണു ജാനകി. തിരുവനന്തപുരം വഴുതയ്ക്കാട് ഉദാരശിരോമണി റോഡില്‍ ഈഗോ ഡിസൈന്‍സ് എന്ന സ്ഥാപന ഉടമയാണ് സുധീഷ്.നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവര്‍ തൃശൂര്‍ ചേലക്കര സ്വദേശി സജിത്തിനു (28) പ്രഥമ ശുശ്രൂഷ നല്കി. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പൊലീസ് കേസെടുത്തു.