കൊല്ലം : കൊല്ലത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി നടനും എംഎല്‍എയുമായ മുകേഷിൻ്റെ പേര് നിർദ്ദേശിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. എം. മുകേഷ് എംഎല്‍എയെ കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നിർദേശം. വിഷയത്തില്‍ ഏക കണ്ഠമായ തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു. മന്ത്രി കെഎൻ ബാലഗോപാലിൻ്റെ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥിയായി എൻകെ പ്രേമചന്ദ്രനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളില്‍ ധാരണയായിട്ടുണ്ട്. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളില്‍ അതത് ജില്ലാ കമ്മറ്റികള്‍ സിപിഎം സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. പോളിറ്റ്ബ്യൂറോ അംഗം, എംഎല്‍എമാർ, ജില്ലാ സെക്രട്ടറിമാർ മുതിർന്ന നേതാക്കള്‍ അടക്കം പ്രമുഖരെയാണ് സിപിഎം മത്സര രംഗത്തിറക്കുന്നത്. പരിചയ സമ്പന്നരെ കളത്തിലിറക്കി പരമാവധി സീറ്റുറപ്പാക്കാനാണ് സിപിഎം നീക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലത്ത് മുകേഷ് മത്സരിക്കുമ്പോള്‍ പത്തനംതിട്ടയില്‍ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസകും, ആലപ്പുഴയില്‍ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവർ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവൻ മത്സര രംഗത്തേക്ക് വരും. ആലത്തൂർ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണയായത്. കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയുടെ പട്ടികയില്‍ എളമരം കരീമാണ് ഇടം പിടിച്ചത്. വടകരയില്‍ മുൻ മന്ത്രി കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂർ എം വി ജയരാജനും കാസറകോട് എൻ വി ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചത്. എറണാകുളം, ചാലക്കുടി സീറ്റില്‍ ധാരണയായില്ല.