ഗാന്ധിനഗർ: അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കൂട്ടിരിപ്പിനായി എത്തിയ യുവാവ് കാറിൽ മരിച്ച നിലയിൽ. കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിനുമുൻവശം പാർക്ക് ചെയ്തിരുന്ന കാറിൽ ഇടുക്കി കീരിത്തോട് അഞ്ചുകുടിചാലിൽപി.എസ്.അഖിലി(31)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ എ.സി.യിൽനിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിനും രാസപരിശോധനയ്ക്കും ശേഷമേ മരണകാരണം വ്യക്തമാകൂ.പിതാവിന് കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ബുധനാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമ്മയും അഖിലും ആശുപത്രിയിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെ അമ്മയോട് തലവേദനയുണ്ടെന്നും കാറിൽ അല്പനേരം ഇരിക്കട്ടെയെന്നും പറഞ്ഞ് അഖിൽ ഫൊറൻസിക് വിഭാഗത്തിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പോയി. നാലുമണിയായിട്ടും കാണാതെവന്നപ്പോൾ അമ്മ ഫോണിൽ വിളിച്ചു. മറുപടി കിട്ടിയില്ല.തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കാറിൽ ബോധരഹിതനായി കിടക്കുന്ന അഖിലിനെ കണ്ടത്. ഉടൻതന്നെ സമീപത്തുള്ളവരുടെ സഹായത്തോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.സ്റ്റിയറിങ്ങിലേക്ക് കൈകൾവെച്ച് കിടക്കുന്ന നിലയിലാണ് അഖിലിനെ കണ്ടത്. പുറത്തും കൈകളിലും പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായിരുന്നു. ഇത് എ.സി.യിൽനിന്നുള്ള കാർബൺ അടങ്ങിയ മാലിന്യം ശ്വസിച്ച് ഉണ്ടായതാകാമെന്നാണ് നിഗമനം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഗാന്ധിനഗർ പോലീസ് മേൽനടപടി സ്വീകരിച്ചു.