മെസി പെനാലിറ്റി മിസാക്കി : എമിലിയാനോ മാർട്ടിനസ് ഹീറോയായി ; അർജൻ്റീന സെമിയിൽ 

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന സെമി ഫൈനലില്‍. ഇക്വഡോറിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും ഷൂട്ടൗട്ടില്‍ 4-2ന് അര്‍ജന്റീന വിജയം പിടിച്ചെടുക്കുകയായിരുന്നു.മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആദ്യപകുതിയില്‍ ലിസാന്‍ഡ്രോ മാർട്ടിനസിലൂടെയാണ് അർജന്‍റീന ലീഡെടുത്തത്. എന്നാല്‍ മത്സരത്തിലെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ കെവിന്‍ റോഡ്രിഗസിലൂടെ മറുപടി നല്‍കി ഇക്വഡോർ ഒപ്പമെത്തി.

Advertisements

നിരവധി മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 35-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍. ക്യാപ്റ്റന്‍ മെസ്സി എടുത്ത കോര്‍ണര്‍ കിക്ക് ലിസാന്‍ഡ്രോ മാര്‍ട്ടിനസ് തകര്‍പ്പന്‍ ഹെഡറിലൂടെ വലയിലെത്തിച്ചു. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണ് ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം പകുതിയില്‍ ഒപ്പമെത്താനുള്ള സുവര്‍ണാവസരം ഇക്വഡോര്‍ നഷ്ടപ്പെടുത്തി. 62-ാം മിനിറ്റില്‍ ഹാന്‍ഡ്‌ബോളിനെ തുടര്‍ന്ന് ഇക്വഡോറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ കിക്കെടുത്ത എന്നര്‍ വാലെന്‍സിയയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തുപോയി. അര്‍ജന്റീന വിജയം ഉറപ്പിച്ച നിമിഷത്തില്‍ തന്നെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ഇക്വഡോര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിന്റെ തുടക്കത്തില്‍ ഇക്വഡോറിന്റെ മറുപടി ഗോള്‍ പിറന്നു. കെവിന്‍ റോഡ്രിഗസിന്റെ ഗോളോടെ ഇക്വഡോര്‍ ഒപ്പമെത്തി. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയുടെ ആദ്യ കിക്കെടുക്കാന്‍ മുന്നോട്ടുവന്നത്. ആരാധകരെ ഞെട്ടിച്ച് മെസ്സിയുടെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. എന്നാല്‍ ഇക്വഡോറിന്റെ ആദ്യ കിക്ക് തടഞ്ഞിട്ട് എമിലിയാനോ മാര്‍ട്ടിനസ് അര്‍ജന്റീനയ്ക്ക് വിജയപ്രതീക്ഷ നല്‍കി. ജൂലിയന്‍ അല്‍വാരസിന്റെ കിക്ക് ഇക്വഡോറിന്റെ വലകുലുക്കിയപ്പോള്‍ ഇക്വഡോറിന്റെ രണ്ടാം കിക്കും എമി തടഞ്ഞു.

അര്‍ജന്റീനയ്ക്ക് വേണ്ടി മാക് അലിസ്റ്റര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ന്ന് ഇക്വഡോറും കിക്ക് വലയിലെത്തിച്ചതോടെ സ്‌കോര്‍ 2-1. മോണ്ടിയലിന്റെ ശ്രമം ലക്ഷ്യത്തിലെത്തിയതോടെ അര്‍ജന്റീന മുന്‍തൂക്കം നിലനിര്‍ത്തി. വീണ്ടും എക്വഡോര്‍ ലക്ഷ്യം കണ്ടു. നിക്കോളാസ് ഒറ്റാമെന്‍ഡിയുടെ കിക്ക് ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന വിജയവും സെമി ബെര്‍ത്തും ഉറപ്പിച്ചു.

Hot Topics

Related Articles